KERALAlocaltop news

സി.എ.എ വിജ്ഞാപനം; തെരെഞ്ഞെടുപ്പ് മുമ്പിൽ കണ്ടുള്ള ബിജെപിയുടെ ധ്രുവീകരണ തന്ത്രം വിലപ്പോവില്ല: എം.കെ രാഘവൻ എം.പി

 

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം തെരെഞ്ഞെടുപ്പ് മുമ്പിൽ കണ്ടുള്ള ബിജെപിയുടെ ധ്രുവീകരണ ആയുധം മാത്രമാണെന്ന് എം.കെ രാഘവൻ എം.പി. മതത്തിന്റെ പേരിൽ പൗരത്വം നൽകുന്നത് രാജ്യത്തിന്റെ ബഹുസ്വരതക്കും പാരമ്പര്യത്തിനും കളങ്കമാണ്. രാജ്യത്ത് ഏതാനും മാസങ്ങൾക്കകം അധികാരത്തിലെത്തുന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന ‘ഇന്ത്യ’ മുന്നണി ആദ്യം റദ്ദാക്കുക അനീതിയിലധിഷ്‌ഠിതമായ ഈ അപരവത്കരണ നിയമം ആയിരിക്കുമെന്നും എം.പി പറഞ്ഞു. രാജ്യത്തെ ധ്രുവീകരിക്കാനും മുസ്‌ലിം സമുദായത്തെ മാത്രം അപരവത്കരിക്കാനും ബിജെപി നടത്തുന്ന ശ്രമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് രാജ്യത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഇലക്റ്ററൽ ബോണ്ട് വിഷയത്തിൽ തുടർച്ചയായി സുപ്രീം കോടതിയിൽ നിന്നേറ്റ പ്രഹരത്തെയും, രാജ്യത്തെ സാധാരണക്കാരൻ അനുഭവിക്കുന്ന വിലക്കയറ്റവും തൊഴിലില്ലായിമയും അടക്കമുള്ള ജീവൽ പ്രതിസന്ധികളെയും ചർച്ചാ മണ്ഡലങ്ങളിൽ നിന്ന് എടുത്ത് മാറ്റാമെന്ന കേന്ദ്ര സർക്കാർ ഉദ്ദേശം വ്യാമോഹം മാത്രമാണെന്നും എം.പി ആവർത്തിച്ചു.

സ്വന്തം രാജ്യത്തെ 140 കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ നേരിടാൻ തയാറല്ലാത്ത മോദി സർക്കാർ അയൽ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ കേവലം 30000 ആളുകളെ മാത്രം ബാധിക്കുന്ന പ്രശ്നം മുൻ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാമെന്ന് ആഗ്രഹിക്കുന്നത് പരിഹാസ്യമാണെന്നും വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ ജനങ്ങൾ ശക്തമായ മറുപടി നൽകുമെന്നും എം.പി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close