KERALAlocaltop news

മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തി ചിത്രം ക്യാമറയിൽ നീക്കം ചെയ്യിപ്പിച്ച സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തു.

കോഴിക്കോട്∙ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ വിമതയായി സിപിഎം കൗൺസിലർ പത്രിക നൽകുന്നതിന്റെ ചിത്രം പകർത്തുന്നതിനിടെ മനോരമ സീനിയർ ഫൊട്ടോഗ്രഫർ സജീഷ് ശങ്കറിനെ ഭീഷണിപ്പെടുത്തുകയും ചിത്രം ക്യാമറയിൽ നീക്കം ചെയ്യിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച ഉച്ചയോടെ കോർപറേഷൻ ഓഫിസിലെ കൗൺസിൽ ഹാളിനകത്തു വച്ചായിരുന്നു സംഭവം. കണ്ടാലറിയുന്ന അഞ്ചുപേർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്. ആഴ്ചവട്ടത്ത് നിലവിലെ കൗൺസിലർ വിമതയായി നാമനിർദേശം നൽകുമെന്നറിഞ്ഞ് അവരെ നിരീക്ഷിക്കാൻ വന്നവരാണ് ഫോട്ടോഗ്രഫറുടെ ജോലി തടസപ്പെടുത്തി ചിത്രം നീക്കം ചെയ്യിച്ചത്.
ഇത്തരം അക്രമങ്ങളെ പാർട്ടി അംഗീകരിക്കുന്നില്ലെന്നു സിപിഎം ജില്ലാസെക്രട്ടറി പി.മോഹനൻ പറഞ്ഞു. പാർട്ടിതലത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും പറഞ്ഞു.
കോർപ്പറേഷൻ കൗൺസിൽ ഹാളിൽ സ്ഥാനാർത്ഥികൾ പത്രിക നൽകുന്ന ചിത്രം പകർത്തുന്നതിനിടെ അക്രമം നടന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണിത്. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സുരേന്ദ്രൻ പറഞ്ഞു.
സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സ്ഥാനാർഥികൾ നാമനിർദേശകപത്രിക സമർപ്പിക്കുന്ന ചിത്രം മാധ്യമപ്രവർത്തകർ പകർ‍ത്തുന്നതു തടയുന്നത് ജനാധിപത്യത്തെ അവഹേളിക്കലാണ്. ഭരണസിരാകേന്ദ്രമായ കോർപറേഷൻ ഓഫിസിനകത്ത് നടന്ന ഗുണ്ടായിസം സ്വതന്ത്രമാധ്യമപ്രവർത്തനത്തിനോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാവൂ എന്നും പ്രതികളെ പൊലീസ് ഉടൻ പിടികൂടണമെന്നും പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും പറഞ്ഞു.

കോര്‍പ്പറേഷന്‍ ഓഫീസില്‍ ജോലിക്കിടെ മലയാള മനോരമയുടെ ന്യൂസ് ഫോട്ടോഗ്രാഫര്‍ സജീഷ് ശങ്കറിനെ കയ്യേറ്റത്തിന് ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത് ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. ക്യാമറ പിടിച്ചു വാങ്ങി ഫോട്ടോകള്‍ നശിപ്പിക്കുകയും ജീവനോടെ വെച്ചേക്കില്ലെന്ന് കൊലവിളി നടത്തുകയും ചെയ്ത സി.പി.എം നേതാക്കള്‍ക്കെതിരെ അടിയന്തരമായ നടപടിക്ക് പൊലീസ് തയ്യാറാവണമെന്നും എം.കെ മുനീർ പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close