ചക്കിട്ടപാറ: കോവിഡ് വന്നതോടെ കല്യാണമണ്ഡപങ്ങളും കമ്മ്യൂണിറ്റി ഹാളുകളും അടഞ്ഞിരിക്കുന്നു. ഇതോടെ നാട്ടിൽ കാഴ്ചകൾ പലതും കാണാനായി. കൈ കഴുകാൻ ആരുമെത്താതായതോടെ ചക്കിട്ടപാറ പഞ്ചായത്തോഫീസിനോട് ചേർന്നുള്ള കമ്മ്യൂണിറ്റി ഹാളിൻ്റെ വാഷ്ബേസിൻ ആരുടെയും ശല്യമില്ലാതെ തെരുവുനായകൾക്കു ഉറങ്ങാനുള്ള ഇടമായി മാറിയിരിക്കുകയാണ്. മുൻ കാലങ്ങളിൽ സ്ഥിരമായി കല്യാണങ്ങളും പൊതു പരിപാടികളാലും സജീവമായിരുന്നു ഇവിടം. ഇടക്കു നടക്കുന്ന കോവിഡ് പരിശോധനകൾ മാത്രമാണിപ്പോഴുള്ളത്. ഭരണസമിതികളുടെ കാലാവധി കഴിഞ്ഞതോടെ പഞ്ചായത്ത് ഓഫീസ് പരിസരവും മൂകമാണ്. ജീവജാലങ്ങൾക്ക് ഭീതിയും സമയവും നോക്കാതെ എവിടെയും സ്വസ്ഥമായി ശയിക്കുകയുമാവാം.