കോഴിക്കോട്: ഇടതു – വലതു മുന്നണികളെ മടുത്തെന്നും എന്‍ഡിഎയുടെ ഭരണമാണ് ജനം ആഗ്രഹിക്കുന്നതെന്നും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കോഴിക്കോട് കോര്പ്പറേഷന് എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസും സ്ഥാനാര്‍ത്ഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി കോഴിക്കോട് കോര്പ്പറേഷന് ഭരിക്കുന്നത് ഇടതുമുന്നണിയാണ്. കോര്‍പ്പറേഷനില്‍ നടപ്പാക്കിയ വികസന പ്രവൃത്തികളെകുറിച്ച് പൊതുസാവാദം നടത്താന്‍ സിപിഎം തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഇടതു – വലതു മുന്നണികളുടെ മാറി മാറിയുള്ള ഭരണം കേരളത്തെ കടക്കെണിയിലാക്കിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഉപകരിക്കേണ്ട, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ട പണം ഭരണക്കാര്‍ കട്ടുമുടിക്കുകയാണ്. അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് കേരളം. പാവങ്ങള്‍ക്ക് വീടു വെക്കേണ്ട പദ്ധതിയില്‍ നിന്ന് പോലും പണം കയ്യിട്ടുവാരുകയാണ്. കേരളം നിക്ഷേപ സൗഹൃദമല്ലെന്നും ഇതരസംസ്ഥാനങ്ങളിലേക്ക് മലയാളികള്‍ കുടിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയും ന്യൂദല്‍ഹിയും ബംഗലുരുവും പോലെയുള്ള നഗരങ്ങളില്‍ ലക്ഷക്കണക്കിന് മലയാളികളാണ് താമസിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെക്കാന്‍ ഇടതു – വലതു മുന്നണികള്‍ക്ക് മാതൃകകളില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുടെ കറപുരളാത്ത നേതാക്കളെ ഇരുമുന്നണികള്‍ക്കും ചൂണ്ടിക്കാണിക്കാനില്ല. എപ്പോള്‍ ജയിലിലേക്ക് പോകണമെന്ന് ദിവസവും സമയവും നോക്കി നില്ക്കുക യാണവര്‍. കേന്ദ്ര ഏജന്‍സികളെ മുഖ്യമന്ത്രി പിണറായി വിജയനാണ് കത്തെഴുതി വിളിച്ചു വരുത്തിയത്. അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു നീങ്ങി നേതാക്കള്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ തിരിയുകയാണ്.
നരേന്ദ്രമോദി സര്‍ക്കാരിനെയാണ് എന്‍ഡിഎ മാതൃകയായി മുന്നോട്ടുവെക്കുന്നത്. പദ്ധതികള്‍ ആവിഷ്കരിക്കുക മാത്രമല്ല, അത് നടപ്പാക്കുമ്പോള്‍ കൃത്യമായി വിലയിരുത്തുന്നു. പദ്ധതിയുടെ ഗുണം അര്‍ഹര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടികളും കൈക്കൊള്ളുന്നു. ഈ മാതൃകയാണ് എന്‍ഡിഎ മുന്നോട്ടുവെക്കുന്നത്. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ശക്തമായ മുന്നേറ്റം നടത്തും. കോര്പ്പറേഷന് ഭരണം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് അദ്ധ്യക്ഷനായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, ബിഡിജെഎസ് ജില്ലാ ട്രഷറര്‍ സതീഷ് കുറ്റിയില്‍, കാമരാജ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സന്തോഷ് കാളിയത്ത്, ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍ എന്നിവര്‍ സംസാരിച്ചു.
ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, യുവമോര്‍ച്ച സംസ്ഥാന മഹിളാ കോ- ഓര്‍ഡിനേറ്റര്‍ അഡ്വ. എന്‍.പി. ശിഖ, ബിജെപി മേഖലാ വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന്, ജില്ലാ ട്രഷറര്‍ വി.കെ. ജയന്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി.കെ. പ്രേമന്, അഡ്വ. കെ.വി. സുധീര്‍, ജില്ലാ സെക്രട്ടറിമാരായ ഇ. പ്രശാന്ത്കുമാര്‍, എം. രാജീവ് കുമാര്‍, നവ്യ ഹരിദാസ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യമുരളി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. രനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.