KERALAtop news

സ്വന്തം പിന്‍കോഡും സീലുമുള്ള ശബരിമലയിലെ പോസ്റ്റ് ഓഫീസ്

ശബരിമല :നിരവധി പ്രത്യേകതകളുള്ള ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വര്‍ഷത്തില്‍ മൂന്ന് മാസം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണ പോസ്റ്റ് ഓഫീസ് സീലില്‍ നിന്നും വ്യത്യസ്തമായി അയ്യപ്പസ്വാമി വിഗ്രഹത്തിന്റെയും പതിനെട്ട് പടികളുടെയും ചിത്രം ആലേഖനം ചെയ്ത സീലാണ് ഇവിടെ ഉപയോഗിക്കുന്നത്. ഈ സീല്‍ പതിച്ച പോസ്റ്റ് കാര്‍ഡ് വാങ്ങി വേണ്ടപ്പെട്ടവര്‍ക്ക് അയച്ചു നല്‍കാന്‍ ഭക്തര്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കുന്നത് പതിവാണ്. 689713 പിന്‍ കോഡുള്ള പോസ്റ്റ് ഓഫീസ് ശബരിമലയില്‍ സേവനം തുടങ്ങിയത് 1963 ല്‍ ആണ്. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് മാത്രമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കഴിയാത്ത ഭക്തര്‍ക്കായി ഈവര്‍ഷം മുതല്‍ പ്രസാദം തപാല്‍ വകുപ്പ് മുഖേന വിതരണം ചെയ്യുന്നുണ്ട്. അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ പണം അടയ്ക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും അയ്യപ്പസ്വാമിയുടെ പ്രസാദം തപാല്‍ വകുപ്പ് എത്തിച്ചു നല്‍കും. അയ്യപ്പസ്വാമിയുടെ ചിത്രം പതിച്ച മൈ സ്റ്റാമ്പും തപാല്‍ വകുപ്പ് ഒരുക്കിയിട്ടുണ്ട്. അയ്യപ്പസ്വാമിക്ക് വിവാഹ ക്ഷണക്കത്ത്, ഗൃഹപ്രവേശന ക്ഷണം, നന്ദി അറിയിപ്പ് തുടങ്ങിയ കത്തുകളും മണി ഓര്‍ഡറുകളും സന്നിധാനം പോസ്റ്റ് ഓഫീസിലേക്ക് എത്താറുണ്ട്.
പോസ്റ്റല്‍ സേവനങ്ങള്‍ക്കു പുറമേ മൊബൈല്‍ റീചാര്‍ജ്, ഇന്‍സ്റ്റന്റ് മണി ഓര്‍ഡര്‍, അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് മാത്രം പ്രവര്‍ത്തിക്കുന്ന സന്നിധാനം പോസ്റ്റ് ഓഫീലെ അയ്യപ്പന്റെ ചിത്രം പതിപ്പിച്ച മുദ്ര പോസ്റ്റ് ഓഫീസ് അടയ്ക്കുന്നതോടെ റാന്നിയിലെ പോസ്റ്റല്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലാണ് അടുത്ത ഉത്സവകാലം വരെ ഭദ്രമായി സൂക്ഷിക്കുന്നത്. ഈ വര്‍ഷം പോസ്റ്റ് മാസ്റ്റര്‍ നിധീഷ് പ്രസാദ്, പോസ്റ്റ്മാന്‍മാരായ ജിഷ്ണു ചന്ദ്രന്‍, മനു മോഹന്‍ എന്നീ മൂന്ന് ഉദ്യോഗസ്ഥരെയാണ് തപാല്‍ വകുപ്പ് സേവനത്തിനായി നിയമിച്ചിരിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close