കോഴിക്കോട്: ഐ.സി.എ.ആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണം മിസോറം ഗവർണർ പി. എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികാഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സാംസ്കാരിക വൈവിധ്യവും പൈതൃകവും പരിപാലിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഭരണഘടനയുടെ പങ്കിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക കൈമാറ്റത്തിൽ കേരളത്തിന്റെ പങ്ക് ഊന്നിപ്പറഞ്ഞു. സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ കേന്ദ്രബിന്ദുവായ കേരളം സുഗന്ധവ്യഞ്ജന കൈമാറ്റത്തിൽ ഏർപ്പെട്ട മറ്റുരാജ്യങ്ങളുമായുള്ള സാംസ്കാരിക വിനിമയത്തിൽ വഹിച്ച പങ്കു സുപ്രധാനമാണെന്നു അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കാലാവസ്ഥ, മണ്ണ്, പരിസ്ഥിതി എന്നിവ സുഗന്ധവ്യഞ്ജനങ്ങൾക്കും മറ്റ് കൃഷിക്കും അനുയോജ്യമാണ്. ഈ വിഭവങ്ങളെല്ലാം പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരതത്തിന്റെ സത്ത ഉൾക്കൊണ്ടു പ്രവർത്തിക്കുന്നതിന് നമ്മളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡപ്യൂട്ടി ഡയറക്ടർ (ഹോർട്ടികൾച്ചർ) ഡോ എ കെ സിങ് ചടങ്ങിൽ അധ്യക്ഷം വഹിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ഭരണഘടനയുടെ ചൈതന്യവും മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിൽ എല്ലായ്പ്പോഴും സജീവ പങ്കുവഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത കാലത്തായി ഐക്യരാഷ്ട്രസഭ രൂപപ്പെടുത്തിയ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളും ഏഴ് പതിറ്റാണ്ടിലേറെ മുമ്പ് നമ്മുടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള മൂല്യങ്ങളും സമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടനയിലെ പുരോഗമന ദർശനങ്ങളെ ഉൾക്കൊണ്ടു പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഗവൺമെൻറ് ലോ കോളേജ് പ്രിൻസിപ്പൽ ശ്രീ കുമാരൻ സി. വി. “സുസ്ഥിരമായ ഭരണഘടനയിൽ മാറ്റങ്ങൾക്കുള്ള പങ്ക്” എന്ന വിഷയത്തിൽ സാങ്കേതിക പ്രഭാഷണം നടത്തി. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കോ സിദ്ധാന്തങ്ങൾക്കോ കോട്ടം തട്ടാത്ത രീതിയിലുള്ള മാറ്റങ്ങൾക്ക് ഭരണഘടന എപ്പോഴും വിധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടന ഇതുവരെ 104 തവണ ഭേദഗതി ചെയ്യപ്പെട്ടു. ഇതിനകം തന്നെ നിലവിലുള്ള ആർട്ടിക്കിളുകൾ ശക്തിപ്പെടുത്തുന്നതിനോ വ്യക്തമാക്കുന്നതിനോ, ചെറിയ തിരുത്തലുകൾ വരുത്തുന്നതിനായുമാണ് ആണ് മിക്ക ഭേദഗതികളും കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഐസിആർ-ഐഎസ്‌ആർ ഡയറക്ടർ ഡോ. സന്തോഷ് ജെ. ഈപ്പൻ സ്വാഗത പ്രസംഗം നടത്തി. ഡോ. അനീസ് കെ. നന്ദി പറഞ്ഞു.