കോഴിക്കോട്: രാജ്യത്തെ റീട്ടെയില്‍ കച്ചവടക്കാരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സ്ലാഷ് എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ സ്ലാഷിന്റെ ലോഗോ പ്രകാശനം ചെയ്തു.
ഇ.കൊമേഴ്‌സ് ഭീമന്മാരുടെ കടന്നു കയറ്റത്തില്‍ രാജ്യത്തെ റീട്ടെയില്‍ വ്യാപാരികളുടെ നിലനില്‍പ്പ് ഭീഷണിയിലാണ്. റീട്ടെയില്‍ വ്യാപാരികളെയും ചെറുകിട കച്ചവടക്കാരെയും ഇ. കൊമേഴ്‌സ് രംഗത്തേക്ക് കൈപിടിച്ചുകൊണ്ടു വരികയും ശാക്തീകരിക്കുകയുമാണ് സ്ലാഷ് ആപ്പിന്റെ ലക്ഷ്യമെന്ന് ഡയരക്റ്റര്‍മാരായ ദിനേഷ് പാറൂല്‍, ഗീതു രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ ആറ് യുവാക്കളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പാണ് സ്ലാഷ്. ആദ്യഘട്ടമായി ദക്ഷിണേന്ത്യയിലെ റീട്ടെയ്ല്‍ വ്യപാരികളെ കോര്‍ത്തിണക്കിയുള്ള ശൃംഖലയാണ് ഒരുക്കുന്നത്.ആപ്പില്‍ പ്രവേശിച്ചാല്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സിറ്റിയിലെ അല്ലെങ്കില്‍ ഗ്രാമത്തിലെ ഷോപ്പുകള്‍, അവിടെ ലഭ്യമായിരിക്കുന്ന ഉത്പ്പന്നങ്ങള്‍, ഓഫറുകള്‍ എന്നിവയെല്ലാം ഉപഭോക്താക്കള്‍ക്ക് കാണാനാവും.
തദ്ദേശീയരായ കച്ചവടക്കാര്‍ മികച്ച ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഈ ഓഫറുകള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ചാലകങ്ങള്‍ അവര്‍ക്കില്ല. ഇതിനു പരിഹാരമായി തദ്ദേശീയരായ വ്യാപാരികള്‍ നല്‍കുന്ന ഓഫറുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും അതുവഴി നാട്ടില്‍ കച്ചവടം വര്‍ധിപ്പിക്കുകയുമാണ് സ്ലാഷ് ലക്ഷ്യമാക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ മാര്‍ക്കറ്റിംങ് ഡയറക്ടർ മേരി സ്‌റ്റെഫി,പബ്ലിക് റിലേഷന്‍സ് ഡയറക്ടർ സഫ സിദ്ധിഖ് എന്നിവര്‍ പങ്കെടുത്തു.