താമരശേരി:വിവിധ ജില്ലകളില്‍ മോഷണം നടത്തുന്ന അന്തര്‍ജില്ലാ കവര്‍ച്ചക്കാരായ രണ്ട് പേരെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിരവധി കവര്‍ച്ചകള്‍ നടത്തിയ നിലമ്പൂര്‍ പുള്ളിപ്പാടം ചെമ്പകശ്ശേരി വീട്ടിൽ ജിമ്മി ജോസഫ് (46) പുല്പള്ളി പാട്ടവയല്‍ പട്ടാറ അമരക്കുനി ബജീഷ് ( 41) എന്നിവരെയാണ് താമരശേരി ഡിവൈഎസ്പി ഇ.പി. പൃഥ്വിരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നവംബര്‍ ഒന്നിന് പുലർച്ചെ കുടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി കവര്‍ച്ചാ ശ്രമത്തിനിടെ തിരുവമ്പാടി നൈറ്റ് പെട്രോളിംഗ് പോലീസിനെ വെട്ടിച്ച് കടന്നുകളയുകയും ഇതിനിടയില്‍ കൂടരഞ്ഞിയിലെ ഒരു വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും കാരമൂലയിലുള്ള വീട്ടില്‍ നിന്നും റബര്‍ ഷീറ്റും മോഷ്ടിച്ച് രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് സമാന രീതിയില്‍ നടന്ന കവര്‍ച്ചകളെ പറ്റിയുള്ള അന്വേഷണത്തിനിടയില്‍ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും മുക്കം മാമ്പറ്റയ്ക്കടുത്തുള്ള വാടക ക്വാര്‍ട്ടേര്‍സില്‍ നിന്നും പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ കോടഞ്ചേരി, മാമ്പറ്റ, മണാശ്ശേരി എന്നിവിടങ്ങളിലെ ആളില്ലാത്ത നിരവധി വീടുകളില്‍ കളവ് നടത്തിയതായും, മുത്തേരി, അഗസ്ത്യമുഴി, എരഞ്ഞിമാവ് എന്നിവിടങ്ങളിലെ മലഞ്ചരക്ക് കടകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തിയതായും കൂടാതെ, മലപ്പുറം, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ അമ്പലങ്ങളിലും, പള്ളികളിലും മോഷണം നടത്തിയതായും പ്രതികൾ സമ്മതിച്ചു. . ജിമ്മി ജോസഫ് 10 മാസം മുമ്പ് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാണ്. കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ നടന്ന കളവ് കേസുകളിലും കള്ളനോട്ട് കേസിലും ഇയാള്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ബജീഷ് ആഗസ്റ്റ് മാസത്തിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലില്‍ നിന്നും കഞ്ചാവ് കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് കളവ് നടത്തിയ ബൈക്ക് താമരശേരി ചുങ്കത്തുള്ള ലോഡ്ജില്‍ നിന്നും പോലീസ് കണ്ടെടുത്തു. തിരുവമ്പാടി എസ്ഐ എം. നിജീഷ്, എസ്ഐമാരായ മജീദ്, മധു, മനോജ്, അഷ്റഫ്, വിശ്വന്, സിപിഒ പ്രജീഷ്, ഷിനോജ് ക്രൈം സ്ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, സുരേഷ്, ഷിബില്‍ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിക്കൂടിയത്.