താമരശ്ശേരി: വയനാട് ചുരത്തില്‍ കാറും ലോറിയും കൂട്ടി ഇടിച്ച് എട്ടു വയസുകാരി മരിച്ചു. മറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. വയനാട്ടില്‍ നിന്നും വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. എളേറ്റില്‍ വട്ടോളി പനച്ചിക്കുന്ന് അസീസ്(38)ന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തെ മകള്‍ നജ ഫാത്തിമ(8) ആണ് മരിച്ചത്. സഹോദരങ്ങളായ ഫാത്തിമ സന്‍ഹ(10), മുഹമ്മദ് ഇര്‍ഫാന്‍(3), അസീസിന്റെ സഹോദരി ഭര്‍ത്താവ് ഉണ്ണികുളം വള്ളിയോത്ത് കണ്ണാറപൊയില്‍ ഷംസീര്‍(38), മകള്‍ നൈഫ ഫാത്തിമ(7) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വയനാട് ചുണ്ടയില്‍ നിന്നും മടങ്ങുകയായിരുന്ന അസീസും കുടുംബവും സഞ്ചരിച്ച കാറും ചുരം കയറുകയായിരുന്ന ലോറിയുമാണ് കൂട്ടി ഇടിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഒന്നാം വളവിന് താഴെ ചിന്നോംപാലത്തിനു സമീപത്തായിരുന്നു സംഭവം. അപകടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന നജ ഫാത്തിമ രാത്രി ഏഴുമണിയോടെയാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ചുരത്തില്‍ രണ്ട് അപകടങ്ങളിലായി ഒന്നര മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു
വയനാട് ചുരത്തില്‍ തിങ്കളാഴ്ച രാവിലെ 11ന് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുട്ടിയുടെ മരണത്തിനാടയായ സംഭവത്തിനുശേഷം ഉച്ചയ്ക്ക് രണ്ടരയോടെ ചുരത്തില്‍ രണ്ടാം വളവിന് താഴെ ലോറി മൂന്ന് കാറുകളിലിടച്ച് ഒരുമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. കോഴിക്കോട് വാഴക്കുലകളിറക്കി മടങ്ങുകയായിരുന്ന കര്‍ണ്ണാടകയില്‍ നിന്നെത്തിയ ലോറി മുന്നിലെ വാഹനങ്ങളെ മറികടക്കവെ എതിരെ വന്ന കാറുകളിലിടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വൈകുന്നേരം 5ന് ചുരമിറങ്ങിവരുകയായിരുന്ന ടിപ്പര്‍ ലോറി റോഡില്‍ നിന്നും തെന്നി മാറി ട്രെയിനേജില്‍ കുടുങ്ങി അരമണിക്കുര്‍ ഗതാഗതം സ്തംഭിച്ചു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്.