KERALAtop news

അയ്യപ്പസ്വാമിക്ക് അഭിഷേകത്തിനുള്ള പാല്‍ നല്‍കി ഗോശാല

ശബരിമല :പുലര്‍ച്ചെ രണ്ടുമണിയോടെ സന്നിധാനത്തെ ഗോശാലയും ആനന്ദ് സാമന്തും ഉണരും. അയ്യപ്പ സ്വാമിക്ക് അഭിഷേകം ചെയ്യാനുള്ള പാല്‍ കറക്കാന്‍. പശുക്കളെ വൃത്തിയാക്കിയതിനു ശേഷമാണ് പാല്‍ കറക്കല്‍. ശേഷം എട്ടരയോടെ പശുക്കളെ മേയ്ക്കുവാന്‍ ഉരല്‍ക്കുഴി ഭാഗത്തേക്ക്. ഉച്ചയ്ക്ക് ഒരു മണിയോടെ തിരിച്ച് ഗോശാലയില്‍. വന്നാലുടന്‍ ഗോശാലയേയും പശുക്കളേയും ശുചിയാക്കും. രണ്ടു മണിക്ക് വീണ്ടും അഭിഷേകത്തിനുള്ള പാല്‍ കറക്കല്‍. ഇതാണ് ആനന്ദ് സാമന്തിന്റെ ദിനചര്യ. അഭിഷേകപ്രിയനായ അയ്യപ്പന് സമര്‍പ്പിക്കുന്നതിന് ഇഷ്ടദ്രവ്യമായ പാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി മുടക്കമില്ലാതെ കറന്നെടുത്ത് സന്നിധാനത്തെത്തിക്കുന്നത് ആനന്ദ് സാമന്താണ്. ബംഗാള്‍ സ്വദേശിയായ ആനന്ദ് സാമന്താണ് സന്നിധാനത്തെ ഗോശാലയുടെ നോട്ടക്കാരന്‍.
കന്നുകാലികളെക്കൊണ്ട് സമൃദ്ധമാണ് ശബരിമല സന്നിധാനത്തെ ഗോശാല. സന്നിധാനത്തു നിവേദ്യത്തിനും ക്ഷേത്രത്തിലെ മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന പാല്‍ ലഭിക്കുന്നത് ഈ ഗോശാലയില്‍ നിന്നാണ്. കിടാവുകള്‍ ഉള്‍പ്പെടെ 24 കാലികളാണ് ഇവിടെയുള്ളത്. മൂന്നു പശുക്കള്‍ക്കാണ് കറവയുള്ളത്. പശുക്കള്‍ക്കുള്ള വൈക്കോലും പുല്ലും എല്ലാം യഥേഷ്ടമാണിവിടെ. കൂടാതെ പശുക്കള്‍ക്ക് ചൂട് അടിക്കാതിരിക്കാന്‍ ഫാനുകളും വെളിച്ചം പകരാന്‍ ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.
പശ്ചിമബംഗാള്‍ ഉത്തര്‍ഗോപാല്‍ നഗര്‍ സ്വദേശിയാണ് ആനന്ദ് സാമന്ത്. ഭാര്യയും, രണ്ടു കുട്ടികളും, മാതാവും അടങ്ങുന്നതാണ് ആനന്ദിന്റെ കുടുംബം. കഴിഞ്ഞ ജനുവരിയിലാണ് ആനന്ദ് അവസാനമായി ബംഗാളിലെ വീട്ടിലേക്ക് പോയത്. കോവിഡ് മഹാമാരി വന്നതിനാല്‍ വീട്ടിലേക്കുള്ള അടുത്ത യാത്ര മകരവിളക്ക് തീര്‍ഥാടനത്തിനു ശേഷമേ ചിന്തിക്കുന്നുള്ളു എന്നാണ് ആനന്ദിന്റെ പക്ഷം. സന്നിധാനത്ത് ഭസ്മക്കുളത്തിന് സമീപമാണ് ഗോശാല സ്ഥിതിചെയ്യുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close