കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2019ലെ മികച്ച മുഖപ്രസംഗത്തിനുള്ള തെരുവത്ത് രാമന്‍ അവാര്‍ഡിന് ദീപിക ദിനപത്രം അസോസിയേറ്റ് എഡിറ്ററും ലീഡര്‍ റൈറ്ററുമായ സെര്‍ജി ആന്റണി അര്‍ഹനായി. 2019 നവംബര്‍ 20നു ദീപിക പത്രത്തില്‍ പ്രസിദ്ധീകരിച്ച ‘പണിക്ക് കൊള്ളാത്ത പഠനം പാഴ്‌വ്യായാമം മാത്രം’ എന്ന മുഖപ്രസംഗത്തിനാണ് അവാര്‍ഡ്. ഇത് നാലാം തവണയാണ് സെര്‍ജി ആന്റണിക്ക് തെരുവത്ത് രാമന്‍ അവാര്‍ഡ് ലഭിക്കുന്നത്. പ്രമുഖ പത്രപ്രവര്‍ത്തകരായ ഒ. അബ്ദുറഹിമാന്‍, മനോജ് കെ.ദാസ്, നവാസ് പൂനൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാനും സെക്രട്ടറി പി.എസ്. രാകേഷും പത്രക്കുറിപ്പില്‍ അറിയിച്ചു.
10,000 രൂപയും പ്രശസ്ത്രി പത്രവും അടങുന്നതാണു അവാര്‍ഡ്.
സെര്‍ജി ആന്റണി കേരള മീഡിയ അക്കാദമി ചെയര്‍മാന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി, കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറി, ആലപ്പുഴ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 12 വര്‍ഷം ദീപികയുടെ മുഖപ്രസംഗരചനയുടെ ചുമതല വഹിച്ചു. 38 വര്‍ഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ ജൂണ്‍ 30നു വിരമിച്ചു.
മികച്ച മുഖപ്രസംഗത്തിനുള്ള കേരള പ്രസ് അക്കാദമിയുടെ വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്(2013), മികച്ച സാമ്പത്തിക പരമ്പരയ്ക്കുള്ള ബെക്ക അവാര്‍ഡ്(2002)എന്നിവയും ലഭിച്ചിട്ടുണ്ട്.
തൃശൂര്‍ ബ്യൂറോയില്‍ റിപ്പോര്‍ട്ടര്‍, കോട്ടയം, ആലപ്പുഴ ബ്യൂറോ ചീഫ്, ദീപിക ഇന്റര്‍നാഷണല്‍ (ദുബായ്), ബിസിനസ് ദീപിക ഇന്റര്‍നാഷണല്‍, ദീപിക ഓണ്‍ലൈന്‍ എന്നിവയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നയമ്പും നതോന്നതയും, സ്വപ്‌നം കാണൂ, നിങ്ങള്‍ക്കും നേടാം (വിവര്‍ത്തനം) എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
വെളിയനാട് നാല്പതാംകളത്തില്‍ പരേതനായ എന്‍.കെ. ആന്റണിയുടെയും മേരി ആന്റണിയുടെയും പുത്രനാണ്. ഭാര്യ: ഡാര്‍ളി. മക്കള്‍: സുരഭില്‍, സൗരഭ്. മരുമകള്‍: ഹണീറ്റ സുരഭില്‍.
പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.