കോഴിക്കോട്:ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തെരുവില്‍ കഴിഞ്ഞവരെ പുനരധിവസിപ്പിച്ച ഉദയം ഹോം അന്തേവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കി. തലചായ്ക്കാനിടമില്ലാതെയും കഴിക്കാന്‍ ഭക്ഷണമില്ലാതെയും കോഴിക്കോടിന്റെ തെരുവുകളില്‍ അലയേണ്ടി വന്നവര്‍ക്ക് ഒരു സ്ഥിരം സംവിധാനമെന്ന നിലയിലാണ് ഉദയം ഹോം ആരംഭിച്ചത്. വിവിധ കാരണങ്ങളാല്‍ തെരുവുകളില്‍ കഴിഞ്ഞവര്‍ക്ക് സ്വന്തം ഐഡന്റിറ്റി ഇല്ലാത്തതിനാല്‍ ജോലിക്ക് പ്രവേശിക്കാനും പോലും സാധിച്ചിരുന്നില്ല.103 പേര്‍ക്കാണ് ആധാര്‍ കാര്‍ഡിനായി അപേക്ഷിച്ചിരുന്നത്. അതില്‍ 27 പേരുടെ കാര്‍ഡാണ് കഴിഞ്ഞ ദിവസം എത്തിയത്. 15 പേരുടെ കാര്‍ഡ് പുതുക്കി നല്കി.
ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, ജില്ലാ പഞ്ചായത്ത്, കോര്പറേഷന് എന്നിവയുടെ നേതൃത്വത്തില്‍ തണല്‍ സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഉദയം ഹോം ആരംഭിച്ചത്. തെരുവുകളിലും കടവരാന്തകളിലും മഴയും വെയിലുമേറ്റ് കഴിഞ്ഞിരുന്നവര്‍ക്ക് തലചായ്ക്കാനായി ഒരുക്കിയ സ്ഥിരം സംവിധാനം ജില്ലാ ഭരണകൂടത്തിന്റെ ലോക്ക്ഡൗണ്‍ കാലത്തെ മാതൃകാ പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു.