മുന്‍സിപ്പല്‍ കോര്പറേഷന്, മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവയിലെ മേയര്‍/ചെയര്മാന് തെരഞ്ഞെടുപ്പ് 28ന് രാവിലെ 11 മണിക്കും ഡെപ്യൂട്ടി മേയര്‍/വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ് അതേ ദിവസം ഉച്ചക്ക് 2 മണിക്കും നടക്കും. 30ന് രാവിലെ 11 മണിക്കാണ് ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേ ദിവസം ഉച്ചക്ക് 2 മണിക്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും നടക്കും.
ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് എന്നിവയിലെ ആദ്യത്തെ അംഗത്തെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കുക അതത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്. മുന്‍സിപ്പല്‍ കൗണ്‍സിലുകളിലെ സത്യപ്രതിജ്ഞ ചടങ്ങ് നിയന്ത്രിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ ജില്ലാ കലക്ടറാണ് ആദ്യ അംഗത്തെ പ്രതിജ്ഞ ചെയ്യിക്കേണ്ടത്. സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞാലുടന്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെും ആദ്യയോഗം ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും.യോഗത്തില്‍ പ്രസിഡന്റ്/ചെയര്‍പേഴ്സണ്‍, വൈസ് പ്രസിഡന്റ്/ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചുമതലയുള്ള വരണാധികാരി കമ്മീഷന് നിശ്ചയിച്ച തിയതിയും സമയവും കാണിച്ച് യോഗത്തില്‍ തന്നെ അംഗങ്ങള്‍ക്ക് നിശ്ചിത മാതൃകയിലുള്ള നോട്ടീസ് നല്‍കും.
അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖാന്തരമായിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പിന്‍വശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥി ഒരാള്‍ മാത്രമേയുള്ളൂവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ തന്നെ ആ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രസിഡന്റ്, ചെയര്മാന്, മേയര്‍, വൈസ് പ്രസിഡന്റ്, വൈസ് ചെയര്മാന്, ഡെപ്യൂട്ടി മേയര്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.