കോഴിക്കോട്: പോഷകാഹാര ലഭ്യതയില്‍ ഓരോ വീടും സ്വയം പര്യാപ്തമാകുക എന്ന ലക്ഷ്യത്തോടുകൂടി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം ‘പോഷകാഹാരത്തോട്ടം’ പദ്ധതിക്ക് തുടക്കമിട്ടു. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ദത്തുഗ്രാമമായ കോട്ടൂരാണ് പച്ചക്കറിക്കൃഷിയിലൂടെ പോഷകാഹാരം ഉറപ്പുവരുത്തുക എന്ന ആരോഗ്യകരമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുന്നത്.
ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തില്‍ അനുബന്ധ സ്ഥാപനമായ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഒരു സംഘം ഉദ്യോഗസ്ഥരാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. പഞ്ചായത്തിലെ 25 കുടുംബങ്ങള്‍ക്ക് പച്ചക്കറി വിത്തുവിതരണവും പരിശീലന പരിപാടികളും നടത്തി. മേഖലയിലെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മൂന്ന് അങ്കണവാടികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷയുടെ സുസ്ഥിര മാതൃകകളാണ് പോഷകാഹാരത്തോട്ടങ്ങളെന്നു ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ.സന്തോഷ് ജെ. ഈപ്പന്‍ പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും പോഷകാഹാരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്മാര്‍ട്ട് ന്യൂട്രീഷന്‍ വില്ലേജ് സ്‌കീമിന് കീഴില്‍ പദ്ധതി ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയില്‍ പ്രാദേശികമായി ലഭ്യമായതും തദ്ദേശീയവുമായ വിത്തുകളാണ് വിതരണം നടത്തുന്നത്. വിത്തുകള്‍ക്കൊപ്പം കമ്പോസ്റ്റ് യൂണിറ്റ് നല്‍കുന്നതിനാല്‍ അടുക്കളയിലെ മാലിന്യങ്ങളില്‍ നിന്ന് ആവശ്യാനുസരണം വളം ഉത്പാദിപ്പിക്കാനും കഴിയും. പച്ചക്കറി കൃഷി, ജൈവകൃഷി, മണ്ണിര കമ്പോസ്റ്റിംഗ്, മറ്റ് കാര്‍ഷിക അനുബന്ധ വിഷയങ്ങള്‍ എന്നിവയില്‍ ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് പരിശീലന പരിപാടികള്‍ നടത്തി. മുത്തുകാട്, നാടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തുകളും പദ്ധതിയുടെ ഭാഗമാണ്. സംയോജിത കാര്‍ഷിക മാതൃയാണ് പോഷകാഹാരത്തോട്ടത്തിലൂടെ പ്രോത്സാഹിപ്പിക്കുന്നത്. പലരും പച്ചക്കറികളോടൊപ്പം കോഴി, ആട് എന്നിവയും വളര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്.
തിരഞ്ഞെടുത്ത ഒരു കൂട്ടം ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരത്തോട്ടം സ്ഥാപിക്കുന്നതിന് വര്‍ഷം മുഴുവന്‍ പിന്തുണ ലഭിക്കും. അടുത്ത വര്‍ഷം പദ്ധതി മറ്റൊരു പഞ്ചായത്തിലേക്ക് വ്യാപിപ്പിക്കും.