KERALA
സിസ്റ്റര്‍ അഭയ കൊലക്കേസ്: തോമസ് കോട്ടൂരിനും സെഫിക്കും ജീവപര്യന്തം
തിരുവനന്തപുരം: സിസ്റ്റര്‍ അഭയാ കേസില്‍ പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസില്‍ ഒന്നും മൂന്നും പ്രതികളായ തോമസ് കോട്ടൂരിനും സെഫിക്കും അഞ്ച് ലക്ഷം രൂപ വീതം പിഴയടക്കണം.
ചൊവ്വാഴ്ചയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതിയാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. ജഡ്ജി സനല്‍കുമാര്‍ ആണ് ചരിത്രവിധി പ്രസ്താവിച്ചത്.
രണ്ട് കുറ്റവാളികള്‍ക്കും എതിരെ കൊലക്കുറ്റവും തെളിവ് നശിപ്പിക്കല്‍ കുറ്റവും കോടതി ചൊവ്വാഴ്ച ശരിവെച്ചു. പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം സിസ്റ്റര്‍ അഭയ നേരിട്ട് കണ്ടതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അഭയയെ തലയ്ക്കടിച്ച് വീഴ്ത്തി കിണറ്റിലിട്ടെന്നാണ് സി ബി ഐ കണ്ടെത്തിയത്.
പ്രായാധിക്യവും അര്‍ബുദ രോഗബാധയും മുന്‍നിര്‍ത്തി തോമസ് കോട്ടൂരിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. വാദങ്ങള്‍ കണ്ണടച്ച് കേട്ടുകൊണ്ടിരുന്ന സെഫി രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണെന്ന് കോടതിയില്‍ പറഞ്ഞു.