localPoliticstop news

കർഷക സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികൾ: കെ.സുരേന്ദ്രൻ; ‌നിയമസഭാ പ്രമേയം ജനാധിപത്യവിരുദ്ധം

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിപ്രകാരമുള്ള ധനസഹായ വിതരണത്തിന് മുന്നോടിയായി എലത്തൂർ ഏടക്കരയിൽ നടത്തിയ കിസാൻ സംവാദ് പരിപാടി സംഘടിപ്പിച്ചു.

കോഴിക്കോട്: കർഷക സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിപ്രകാരമുള്ള ധനസഹായ വിതരണത്തിന് മുന്നോടിയായി
എലത്തൂർ ഏടക്കരയിൽ നടത്തിയ കിസാൻ സംവാദ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരെ കബളിപ്പിക്കുകയാണ് പ്രതിപക്ഷം. ഇതിന് പിന്നിൽ മോദിയോടുള്ള രാഷ്ട്രീയ വിരോധമാണ്. സമരം നയിക്കുന്നത് കർഷകരാണെങ്കിലും സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളാണ്. നരേന്ദ്രമോദി സർക്കാരിന്റെ നിലപാടുകൾ കാരണം നിലനിൽപ്പ് നഷ്ടമായ ശക്തികളാണ് സമരത്തിന്റെ മറവിൽ പ്രതിഷേധിക്കുന്നത്. പുതിയ കാർഷിക നിയമം കാരണം കൃഷിക്കാരല്ല ഇടനിലക്കാരാണ്കഷ്ടപ്പെടുന്നത്. ഭരണസിരാകേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന ഇടനിലക്കാർക്ക് തിരിച്ചടി വന്നതുകൊണ്ടാണ് സമരത്തിന് ഇത്ര ഇളക്കം. എന്താണ് കർഷകർക്ക് ഈ ബില്ലുകൊണ്ട് ദോഷമെന്ന് പറയാൻ സമരക്കാർക്ക് സാധിക്കുന്നില്ല. കർഷക സമരം വെറും തട്ടിപ്പാണ്. മണ്ഡി സംവിധാനം പൂർണ്ണമായും ഇല്ലാതാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞവരാണ് കോൺ​ഗ്രസും ഇടതുപാർട്ടിക്കാരും. എന്താണ് കേരളത്തിൽ മണ്ഡികൾ ഇല്ലാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. കേരളത്തെ ഒരു തരത്തിലും ബാധിക്കാത്ത സമരത്തിന് പിന്തുണ നൽകാൻ പ്രത്യേക നിയമസഭ വിളിക്കുന്നത് എന്തിനാണ്? പാർലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ പ്രമേയം കൊണ്ടു വരാൻ നിയമസഭയ്ക്ക് എന്ത് അവകാശമാണുള്ളത്? കൃഷിക്ക് ഏറ്റവും ഉയർന്ന താങ്ങ് വില കൊടുത്തത് മോദി സർക്കാരാണ്. മോദിയുടെ ഫാസിസം തടയാനാണ് ഞാൻ ഡൽഹിയിലേക്ക് പോയതെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി മോദിയുടെ ഫാസിസം തീർന്നോ എന്ന് വ്യക്തമാക്കണം. ഇനിയും ചില എം.പിമാർ രാജിവെക്കുകയാണെന്നാണ് പറയുന്നത്. മോദി സർക്കാർ സ്യൂട്ട് ബൂട്ട് സർക്കാർ ആണെന്നാണ് പ്രതിപക്ഷം പറയുന്നത്. മോദിയാണ് രാജ്യത്തെ കൃഷിക്കാർക്ക് ദോഷമാവുന്ന അന്താരാഷ്ട്ര കരാർ ഒപ്പുവെക്കില്ലെന്ന് പറഞ്ഞത്. എല്ലാ നല്ല കാര്യത്തിനെയും ആദ്യം എതിർക്കുക പിന്നെ അം​ഗീകരിക്കുക എന്നതാണ് ചിലരുടെ നയം. കർഷക സമരം നടന്നിട്ടും ബിഹാറിൽ ജനം മോദിയോടൊപ്പം നിന്നു. എല്ലാ സംസ്ഥാനങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി വൻവിജയമാണ് നേടിയത്. കർഷകർക്ക് ഏറ്റവും ​ഗുണമുണ്ടായത് മോദി സർക്കാരിന്റെ കാലത്താണ്. ഇതുപോലെ കർഷകരെ സഹായിച്ച മറ്റൊരു സർക്കാരുമുണ്ടായിട്ടില്ല. രാജ്യത്തെ കർഷകർക്ക് ഒറ്റ ക്ലിക്കിൽ 18000 കോടിയുടെ കിസാൻ സമ്മാൻ നിധി പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. കൃഷി ശക്തമാക്കാൻ സാങ്കേതിക വിദ്യ വികസിപ്പിച്ചും യൂറിയയുടെ ലഭ്യത കുറവ് പരിഹരിച്ചും ഇടത്തരക്കാരെ ഒഴിവാക്കിയുമാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡന്റ് സി.പി സതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ, ജില്ലാ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ടി.ദേവദാസ്, കെ.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close