കോഴിക്കോട്: വൃദ്ധജനങ്ങൾക്കുള്ള ആശ്രയ കേന്ദ്രമായ മൈത്രി മന്ദിരത്തിൻ്റെ സ്ഥാപകനും റിട്ട. എംപ്ളോയ്മെൻ്റ് ഓഫീസറുമായ മാങ്കാവ് പിടഞ്ഞാറെ സാമൂതിരി കോവിലകത്തെ പി.സി.സി. രാജ എന്ന ചെറിയേട്ടൻ രാജ (69) അന്തരിച്ചു.
ഇന്ത്യൻ റെയ്കി അസോസിയേഷൻ സ്ഥാപക അംഗം, സാമൂഹിക പ്രവർത്തകൻ, തൊഴിൽ ഉപദേശകൻ, റെയ്കി ഹീലർ, പ്രഭാഷകൻ, ആദ്ധ്യാത്മിക പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. എംപ്ളോയ്മെൻറ് ഓഫീസർ എന്ന നിലയ്ക്ക് ആയിരകണക്കിന് തൊഴിൽ അന്വേഷകർക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയതു വഴി ‘എംപ്ളോയ്മെൻറ് രാജ’ എന്ന വിളിപേരിലാണ് അറിയപ്പെട്ടിരുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ളോയ്മെൻറ് ബ്യൂറോ ഉപാദ്ധ്യക്ഷനായാണ് സർവീസിൽ നിന്ന് വിരമിച്ചത്. മാങ്കാവ്, ചാലപ്പുറം, തിരുരിനടുത്തെ കന്മനം എന്നിവിടങ്ങളിലായി പ്രവർത്തിച്ച മൈത്രി മന്ദിരം വൃദ്ധസദനങ്ങളുടെ സ്ഥാപകനാണ്. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസ പരിശീലനം, ഭാഗവതീയം പുരാണ പഠന വേദി, അക്ഷരമൈത്രി സാഹിത്യ വേദി, രാമായണ -നാരായണീയ സഭ, സായി ബാബാ മിഷൻ തുടങ്ങിയ ഒട്ടേറെ സാമൂഹിക-ആദ്യാത്മിക – സാഹിത്യ കൂട്ടായ്മകളുടെ അമരക്കാരനായിരുന്നു.
ഇളമന കേശവൻ നമ്പൂതിരിയുടേയും മാങ്കാവ് പടിഞ്ഞാറെ സാമൂതിരി കോവിലകത്തെ ചെറമ്പാട്ടിത്തമ്പുരാട്ടിയുടേയും മകനാണ്. ഭാര്യ: കവിണിശ്ശേരി കോവിലകത്തെ വത്സലാ ബായ് (റിട്ട. എച്ച്.എസ്.എ. ഗവ.ഹൈസ്ക്കൂൾ കിണാശ്ശേരി). മകൻ: അംബാദാസ് വർമ്മ (ഡയറക്ടർ, ജഗ്മാതാ എൻറർപ്രൈസ് ). മരുമകൾ: ദിവ്യ ( അസി.പ്രൊഫസർ, എ.ഡബ്ളിയു.എച്ച്. എൻജി. കോളേജ്). സഹോദരങ്ങൾ: ഏട്ടൻ രാജ ( റിട്ട. അധ്യാപകൻ, സാമൂതിരി ഹൈസ്ക്കൂൾ), ഡോ.ഉണ്ണി അനുജൻ രാജ (പ്രൊഫ. ഗുരുവായൂരപ്പൻ കോളേജ്), പരേതരായ അനുജത്തി തമ്പുരാട്ടി, കൊച്ചുമ്പാട്ടി തമ്പുരാട്ടി, ശ്രീദേവി തമ്പുരാട്ടി.