localtop news

മനുഷ ഇനി സ്നേഹ വീടിന്റെ തണലില്‍ ; വീടിന്റെ താക്കോല്‍ കൈമാറി

കോഴിക്കോട്:’വീട് നിര്‍മ്മിച്ചു തരാന്‍ തയ്യാറായ എല്ലാവരോടും വളരെയധികം നന്ദിയുണ്ട്’ ജീവിതാരംഭത്തില്‍ തന്നെ തനിച്ചായി പോയപ്പോള്‍ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി തന്നവര്‍ക്ക് ഹൃദയത്തില്‍ നിന്നുള്ള നന്ദിയാണ് മനുഷയെന്ന 13-കാരിയുടെ ഈ വാക്കുകള്‍. 2019-ലെ പ്രളയത്തില്‍ മാവൂര്‍ മണക്കാട് ദുരിതാശ്വാസ ക്യാമ്പില്‍ അച്ഛന്‍ മരിച്ച് ഒറ്റപ്പെട്ടുപോയ മനുഷയ്ക്ക് എറണാകുളം ഞാറക്കല്‍ സ്വദേശി മൂഞ്ഞോലി ജിജു ജേക്കബാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ വീട് നിര്‍മ്മിച്ച് നല്‍കിയത്. സിനിമാ സംവിധായകന്‍ ജിബു ജേക്കബിന്റെ സഹോദരനാണ് ജിജു. പൂര്‍ത്തിയായ വീടിന്റെ താക്കോലും രേഖകളും ജില്ലാ കലക്ടര്‍ സാംബശിവ റാവു, മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉമ്മര്‍ മാസ്റ്റര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജിജു ജേക്കബ് മനുഷക്ക് കൈമാറി. മാവൂര്‍ പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ ആറ് സെന്റ് സ്ഥലത്ത് മൂന്ന് ബെഡ്റൂം, ഹാള്‍, അടുക്കള, ടോയ്ലറ്റ് എന്നിവയടങ്ങിയതാണ് വീട്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വൈദ്യുതിയും വെള്ളവും ഒരുക്കിയത്.

മനുഷയുടെ അച്ഛന്‍ മൈസൂര്‍ മാണ്ഡ്യ സ്വദേശി രാജു 2019 ആഗസ്റ്റില്‍ ചെറൂപ്പ മണക്കടവ് ദുരിതാശ്വാസ ക്യാമ്പില്‍ രക്തസമ്മദ്ദം അധികരിച്ചാണ് മരിച്ചത്. ചെറൂപ്പ അയ്യപ്പന്‍കാവിന് സമീപത്തെ പൊതുമരാമത്ത് വകുപ്പ് ഭൂമിയില്‍ പ്ലാസ്റ്റിക് ടെന്റിനകത്തായിരുന്നു ഇവരുടെ ജീവിതം. ശക്തമായ മഴയിലും കാറ്റിലും ഇത് നിലംപൊത്തിയതോടെ ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. തെരുവോരങ്ങളില്‍ സര്‍ക്കസ് അവതരിപ്പിച്ചായിരുന്നു രാജുവും കുടുംബവും കഴിഞ്ഞിരുന്നത്. രാജുവിന്റെ ഭാര്യ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. കായിക രംഗത്തും മിടുക്കിയായ മനുഷ മണക്കാട് ജി.എം.യു.പി സ്‌കൂളില്‍ അഞ്ചാം തരം വിദ്യാര്‍ഥിയാണ്. ക്യാമ്പില്‍ നിന്ന് മാറിയ ശേഷം മാവൂര്‍ കണ്ണിപറമ്പിലെ വൃദ്ധസദനത്തിലായിരുന്നു കഴിഞ്ഞിരുന്നത്.

മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മനുഷയുടെ വിവരങ്ങള്‍ അറിഞ്ഞ ജിജു ജേക്കബ് സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം 2019 ആഗസ്റ്റ് 15 നാണ് കോഴിക്കോട്ടെത്തിയത്. മനുഷയെ ദത്തെടുക്കാമെന്ന് വാഗ്ദാനം ചെയ്ത ആലപ്പുഴ തുമ്പോളി സ്വദേശിയും ജിജുവിനൊപ്പം എത്തിയിരുന്നു. എന്നാല്‍ മുതിര്‍ന്ന സഹോദരങ്ങള്‍ സംരക്ഷിക്കാനുള്ളതിനാല്‍ മാനുഷയെ നിയമപരമായി ദത്തു നല്‍കാനാവില്ലെന്നറിഞ്ഞതോടെ സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന് രേഖാമൂലം ഉറപ്പു നല്‍കുകയായിരുന്നു.

കൊവിഡ് അടച്ചു പൂട്ടലിന് മുമ്പ് തന്നെ വീട് നിര്‍മ്മാണം പൂര്‍ത്തിയായിരുന്നെങ്കിലും താക്കോല്‍ കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. സ്ഥലം കണ്ടെത്തുന്നതിനും വീട് നിര്‍മ്മാണത്തിനും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, മുന്‍വാര്‍ഡ് മെമ്പര്‍, നാട്ടുകാര്‍ എന്നിവരുടെയും സഹായവുമുണ്ടായി. രണ്ടു സഹോദരങ്ങളാണ് മനുഷക്കുള്ളത്. ഇതില്‍ ശ്രീനിവാസനെന്ന സഹോദരനും കുടുംബവുമായിരിക്കും മനുഷക്കൊപ്പം വീട്ടില്‍ താമസിക്കുക.

കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ടി. രഞ്ജിത്ത്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. പി. പി പ്രമോദ്കുമാര്‍, യു. എ ഗഫൂര്‍, മനുഷയുടെ സഹോദരന്‍ ശ്രീനിവാസന്‍, ജിജു ജേക്കബിന്റെ ഭാര്യ ലിന്‍സി, മകന്‍ ജേക്കബ് ഷോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close