നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.സി.പി കേരള ഘടകത്തിലെ തർക്കം പരിഹരിക്കുന്നതിനായി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ കേരളത്തിലേക്ക്.
മുന്നണി മാറ്റത്തെ ചൊല്ലി മന്ത്രി എ.കെ. ശശീന്ദ്രനും ടി.പി. പീതാംബരനും രണ്ടുചേരിയിൽ ആയതോടെ സംഘടനാപ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് പവാർ കേരളത്തിലെത്തുന്നത്. ഇരുവിഭാഗം നേതാക്കളുമായും പവാർ കൂടിക്കാഴ്ച നടത്തും.
ഇന്നലെ മന്ത്രി എ.കെ. ശശീന്ദ്രനും ഇന്ന് മാണി സി. കാപ്പനും ടി.പി. പീതാംബരനും പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്നണി മാറുന്ന പക്ഷം എൻ.സി.പിയിൽ പിളർപ്പുണ്ടായേക്കുമെന്നാണ് ഈ കൂടിക്കാഴ്ചകൾ വ്യക്തമാക്കുന്നത്.
സിറ്റിംഗ് സീറ്റുകളിൽ കൈവെച്ചാൽ മുന്നണി വിടണമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സംസ്ഥാന അദ്ധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്ററും മാണി സി കാപ്പനും.
നിലവിലെ സംസ്ഥാന രാഷ്ട്രീയം, പ്രത്യേകിച്ച് തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം എൽ.ഡി.എഫിന് അനുകൂലമാണെന്നാണ് ഇന്നലത്തെ കൂടിക്കാഴ്ചയിൽ ശശീന്ദ്രൻ, പവാറിനെ അറിയിച്ചിട്ടുള്ളത്.