മാനന്തവാടി: വിൻസെൻഷ്യൻ സന്യാസിനീ സമൂഹത്തിൻ്റെ (SCV) സുപ്പീരിയർ ജനറലായി സിസ്റ്റർ ഫിലോ മൂലക്കര scv തിരഞ്ഞെടുക്കപ്പെട്ടു. ചെന്നലോട് മൂലക്കരയിൽ ഉലഹന്നാൻ, റോസമ്മ ദമ്പതികളുടെ മകളാണ്. സിസ്റ്റർ ഗ്രേസി വൈലപ്പള്ളി scv, സിസ്റ്റർ ക്രിസ്റ്റിന കിഴക്കേകൊഴുവനാൽ scv, സിസ്റ്റർ റോസ് മരിയ തോട്ടത്തിൽ scv, സിസ്റ്റർ വിൻസെൻസ അറേക്കാട്ടിൽ scv എന്നിവർ യഥാക്രമം ജനറൽ കൗൺസിലർമാരായും തിരഞ്ഞെടുക്കപ്പെട്ടു.
വിശുദ്ധ വിൻസെൻ്റ് ഡി പോളിൻ്റെ ചൈതന്യം സ്വീകരിച്ചുകൊണ്ട് 1734 – ൽ ഫ്രാൻസിലെ സ്ട്രാസ്ബുർഗിൽ സ്ഥാപിതമായ കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെൻ്റ് വിൻസെൻ്റ് ഡി പോൾ (SCV) എന്ന ഈ സന്യാസിനീ സമൂഹം തുടർന്ന് ജർമ്മനി, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് വ്യാപിച്ച് വിവിധ ഭൂഖണ്ഡങ്ങളിൽ സ്വയം ഭരണാവകാശമുള്ള ജനറലേറ്റുകളായിമാറുകയും ജർമ്മനിയിൽ നിന്നും 1975 – ൽ മാനന്തവാടിയിൽ സീറോ മലബാർ സഭയുടെ കീഴിൽ സ്ഥാപിതമാവുകയും ചെയ്തു. ഇപ്പോൾ കർണ്ണാടക, ആന്ധ്ര, തെലങ്കാന, അസം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും ജർമ്മനിയിലും അമേരിക്കയിലും സേവനമനുഷ്ഠിക്കുന്ന ഇവരുടെ മുഖ്യ പ്രേഷിത രംഗം ആതുര ശൂശ്രൂഷാ മേഖലയാണ്. ക്രിസ്തുവിൻ്റെ പാവപ്പെട്ടവരിലും, മാനസിക ശാരീരിക വൈകല്യങ്ങളുള്ളവരിലും, അവഗണിക്കപ്പെട്ടവരിലും ക്രിസ്തു സ്നേഹം കരുണാർദ്രമായി പകരുകയാണ് വി.വിൻസെൻ്റ് ഡി പോളിൻ്റെ ഈ ഉപവി സഹോദരിമാർ.