KERALAlocaltop news

എൻ. സി. സി 9 കേരള നേവല്‍ യൂണിറ്റ് ബോട്ട് ഹൗസ് ശിലാസ്ഥാപനം നിർവഹിച്ചു; യഥാർഥ്യമാവുക ദേശീയ നിലവാരത്തിലുള്ള പരിശീലന കേന്ദ്രം

കോഴിക്കോട്: നാഷണല്‍ കാഡറ്റ് കോറിന്റെ 9 കേരള നേവല്‍ യൂണിറ്റിന്റെ പുതിയ ബോട്ട് ഹൗസിന്റെ ശിലാസ്ഥാപനവും അപ്രോച്ച് റോഡിന്റെ ഉദ്ഘാടനവും ഉന്നതവിദ്യാഭ്യസ വകുപ്പുമന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിച്ചു. ദേശീയ നിലവാരത്തിലുള്ള ബോട്ട് ഹൗസ് നിർമ്മാണം പൂർത്തീകരിക്കുന്നതോടെ നേവൽ കേഡറ്റുകൾക്ക് മികച്ച പരിശീലനം നൽകാൻ സാധിക്കും. ഇത് വഴി നാവികസേനയിലേക്ക് സംസ്ഥാനത്തെ കൂടുതൽ കുട്ടികൾക്ക് അവസരം ഉണ്ടാക്കാൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

6.25 കോടി രൂപയാണ് ബോട്ട് ഹൗസ് നിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. 1.50 കോടി രൂപ ഉപയോഗിച്ചാണ് അപ്രോച്ച് റോഡ് നിർമ്മാണം, ഫെൻസിങ് എന്നിവ പൂർത്തീകരിച്ചത്.

പുതിയ ബോട്ട് ഹൗസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ മലബാര്‍ മേഖലയിലെ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 1700 നേവല്‍ കേഡറ്റുകളെ സൗജന്യമായി ഓരോ വര്‍ഷവും ഇവിടെ പരിശീലിപ്പിക്കാന്‍ കഴിയും.
ഇന്ത്യന്‍ നേവിയുടെ പ്രാഥമിക പരിശീലനം, നീന്തല്‍, കയാക്കിംഗ്, ബോട്ട് പുള്ളിംഗ്, സെയിലിംഗ് എക്‌സ്‌പെഡിഷന്‍, തുഴയല്‍ പരിശീലനം, സര്‍ഫിംഗ്, സ്‌കൂബാ ഡൈവിംഗ്, യാച്ചിങ്ങ്, കാനോയിംഗ് തുടങ്ങിയ ജലത്തിലെ സാഹസിക പരിശീലനവും ബോട്ട് ഹൗസില്‍ വെച്ച് കേഡറ്റുകള്‍ക്ക് നല്‍കും. പരിശീലന കേന്ദ്രത്തില്‍ ദേശീയ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമാണ് ഒരുക്കുന്നത്.

വെങ്ങാലി ബോട്ട് ജെട്ടിയില്‍ നടന്ന ചടങ്ങില്‍ എം. കെ രാഘവൻ എം. പി, കോർപറേഷൻ മേയർ ബീന ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
ജില്ലാ കലക്ടർ എസ്. സാംബശിവ റാവു, വാർഡ് കൗൺസിലർ ഒ. പി ഷിജിന, കോഴിക്കോട് ഗ്രൂപ്പ്‌ കമാണ്ടർ ബ്രിഗെഡിയർ എ. വൈ രാജൻ, എൻ.സി.സി അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ മൻദീപ് സിംഗ് ഗിൽ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. ലേഖ, 9 കേരള കമാന്റിംഗ് ഓഫീസർ കമാണ്ടർ എം.പി രമേഷ്, മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close