കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവും വയനാട്ടിലുള്ള എംഎസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് കർഷകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്വാമിനാഥൻ റിസേർച് ഫൗണ്ടേഷനിലെ ബയോ ടെക്നോളജി വകുപ്പിന്റെ കിസാൻ ഹബ് പദ്ധതിയുടെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
കുരുമുളകിന്റെയും മറ്റ് സുഗന്ധവിളകളുടെയും കൃഷി മെച്ചപ്പെടുത്തുന്നതിന് കർഷകരെ സഹായിക്കുന്നതിനായാണ് പരിശീലനപരിപാടിയും സുഗന്ധവിളഗവേഷണകേന്ദ്ര സന്ദർശനവും സംഘടിപ്പിച്ചത്. വയനാട് ജില്ലയിലെ പുല്പള്ളിയിൽ നിന്നുള്ള 15 കർഷകരാണ് പരിപാടിയിൽ പങ്കെടുത്തത്.
പരിശീലന പരിപാടിയിൽ ‘കുരുമുളക്- കീടങ്ങളും രോഗങ്ങളും’, ‘കുരുമുളകിന്റെ വേനൽക്കാല പരിചരണം’ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. സി കെ തങ്കമണിയും ഡോ. ആർ. പ്രവീണയും ക്ളാസുകൾക്കു നേതൃത്വം നൽകി. ഡോ. വി. ശ്രീനിവാസൻ, ഡോ. ലിജോ തോമസ്, പി. സി. സനിൽ എന്നിവർ പങ്കെടുത്തു.