localtop news

‘മടിത്തട്ട്’ വയോജനപരിപാലനകേന്ദ്രത്തിൽ ടെലി മെഡിസിൻ 26-ന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ‘യു.എല്‍. കെയര്‍ മടിത്തട്ടി’ല്‍ വയോജനങ്ങള്‍ക്ക് ഇനി അതിവിദഗ്ദ്ധവൈദ്യസേവനവും. വിവിധ സ്‌പെഷ്യാലിറ്റികളിലെ അതിവിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ ചികിത്സാസൗകര്യമൊരുക്കി ടെലിമെഡിസിന്‍ പദ്ധതിക്ക് റിപ്പബ്ലിക് ദിനത്തില്‍ തുടക്കമാകും. ആരോഗ്യ സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ സാമൂഹികക്ഷേമ വിഭാഗമായ യു.എല്‍. ഫൗണ്ടേഷനുകീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സമഗ്ര വയോജനപരിപാലനകേന്ദ്രമാണ് യു.എല്‍. കെയര്‍ മടിത്തട്ട്. വിദഗ്ദ്ധ ചികിത്സ വേണ്ട വയോജനങ്ങള്‍ക്ക് കോവിഡിന്റെ സാഹചര്യത്തില്‍ ആശുപത്രികള്‍ സുരക്ഷിതമല്ല എന്നതു പരിഗണിച്ചാണ് ഇവിടെ ടെലിമെഡിസിന്‍ പദ്ധതി നടപ്പാക്കുന്നത്. കോവിഡിനു ശേഷവും ഇതു തുടരും.

ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ഓങ്കോളജി, എന്‍ഡോക്രിനോളജി, യൂറോളജി, ന്യൂറോളജി, ഗ്യാസ്‌റ്റ്രോഎന്ററോളജി, നെഫ്രോളജി, ഡെര്‍മറ്റോളജി, വാസ്‌കുലാര്‍ സര്‍ജറി, ഡയബറ്റോളജി, ഗൈനക്കോളജി, ആന്‍ഡ്രോളജി, ഹെപറ്റോളജി, പീഡിയാട്രി, ജെറിയാട്രിക് സൈക്യാര്‍ട്രി എന്നീ വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്റ്റുകളുടെ സേവനമാണ് ഇപ്പോള്‍ ഇതിലൂടെ ലഭ്യമാക്കുന്നത്.

സ്വന്തമായി അഞ്ചു സ്റ്റാഫുള്ള ലാബും നീതി മെഡിക്കല്‍ സ്റ്റോറും ഡോക്ടറും നഴ്‌സും ഒക്കെയുള്ള മടിത്തട്ടിലെ അന്തേവാസികളുടെ ആരോഗ്യപ്രശ്‌നങ്ങളും പരിശോധനാഫലങ്ങളും ഇവരുടെ സഹായത്തോടെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ക്കു കൈമാറാനും രോഗമുള്ളവര്‍ക്ക് ഡോക്ടര്‍മാരുമായി നേരിട്ട് ആശയവിനിമയം നടത്താനും എല്ലാമുള്ള ആധുനികസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സി. കെ. നാണു എം.എല്‍.എ. അദ്ധ്യക്ഷനാകുന്ന ഉദ്ഘാടനച്ചടങ്ങില്‍ മടിത്തട്ടിന്റെ വെബ്സൈറ്റ് വടകര ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് ശശികല ദിനേശനും മൊബൈല്‍ ആപ്പ് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്തും ഉദ്ഘാടനം ചെയ്യും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close