localtop news

കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം  ഉദ്ഘാടനം ചെയ്തു;കാർഷിക സർവകലാശാല അധ്യാപക തസ്തികയിലേക്കുള്ള നിയമനം ഫെബ്രുവരിയിൽ നടത്തും -മന്ത്രി വി.എസ്. സുനിൽകുമാർ

കോഴിക്കോട് : കാർഷിക സർവകലാശാല അധ്യാപക തസ്തികയിലേക്കുള്ള നിയമനം ഫെബ്രുവരി 18 ന് മുൻപ് നടത്തുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. വേങ്ങേരിയിലെ നഗരമൊത്ത വ്യാപാര വിപണന കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കേരള കാര്‍ഷിക സര്‍വകലാശാലയുടെ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ലിസ്റ്റിൻ്റെ കാലാവധി തീരുന്ന ഫെബ്രുവരി 18 ന് മുൻപ്  നിലവിൽ ഒഴിവുള്ള മുഴുവൻ അധ്യാപക തസ്തികയിലേക്കും യുദ്ധകാലാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. 150 ഓളം അധ്യാപകരെ ഈ നാല് വർഷ കാലയളവിൽ  നിയമിച്ചു.

കാർഷിക സർവകലാശാലയിൽ അഗ്രികൾച്ചറൽ കോഴ്സിന് 260 -ൽ നിന്നും 420 ആയി  സീറ്റുകൾ വർധിപ്പിച്ചു.           കാർഷിക മേഖലയിലെ പ്രധാന ഉൽപന്നമായ തേനിൻ്റെ പ്രധാന്യം കണക്കിലെടുത്തു  ‘കേരള ഹണി’ എന്ന പേരിൽ ഉൽപാദനവും വിപണനവും ആരംഭിക്കുമെന്ന്  മന്ത്രി പറഞ്ഞു. 2800 -ലധികം വരുന്ന തേൻ കർഷകർ എല്ലാ കൃഷിഭവനിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹണിമിഷൻ എന്ന പേരിൽ കർഷകരെ കൂട്ടിയോജിപ്പിച്ചു കൊണ്ട് കൺസോർഷ്യം രൂപീകരിച്ച് ഇവരുടെ നേതൃത്വത്തിൽ  അന്താരാഷ്ട്ര ഗുണനിലവാരമുള്ള തേൻ കൃഷി ആരംഭിക്കുന്നത് അന്തിമഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു.

അന്തരിച്ച പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറുടെ ഓർമയ്ക്കായി   100 നാട്ടു മാവിൻ തോപ്പുകൾ ഫെബ്രുവരി മാസത്തിൽ ആരംഭിക്കും.  അന്യം നിന്നു പോയ നല്ലയിനം നാട്ടുമാവിൻ വിത്തുകൾ വിത്തു ബാങ്കുമായി ബന്ധപ്പെട്ട് ശേഖരിക്കും. 500 പഞ്ചായത്തുകളിൽ എങ്കിലും  നാട്ടു മാവു തോപ്പുകൾ സജ്ജമാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഉത്പാദിപ്പിക്കുന്ന അത്യുത്പാദനശേഷിയുള്ള വിത്തുകള്‍, തൈകള്‍, ജീവാണുവളങ്ങള്‍, ജൈവകീടനിയന്ത്രണ ഉപാധികള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവ പുതിയ വിജ്ഞാന വിപണന കേന്ദ്രത്തില്‍ ലഭ്യമാക്കും. നിലവില്‍ വെള്ളിമാട്കുന്നില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രമാണ് കൂടുതല്‍ സൗകര്യങ്ങളോടെ വേങ്ങേരിയിലേക്ക് മാറ്റിയത്. കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനും കാര്‍ഷിക സാങ്കേതികോപദേശങ്ങള്‍ നല്‍കുന്നതിനായുള്ള സൗകര്യങ്ങള്‍ പുതിയ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തുന്നുണ്ട്. സര്‍വകലാശാലയുടെ ജില്ലയിലെ ഒരേ ഒരു സ്ഥാപനമാണ് ഈ കേന്ദ്രം.

വേങ്ങേരി കര്‍ഷക പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ആദ്യ വില്‍പന നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ നിഖില്‍ പി.പി, ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഡോ ജിജു അലക്സ്, മൊത്തവ്യാപാര വിപണനകേന്ദ്രം സെക്രട്ടറി പി അനിത, കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി അസോസിയേറ്റ് ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ നോർത്ത് സോൺ ഡോ ജയരാജ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നാന, ഫാർമേഴ്സ് ട്രെയിനിങ് സെൻറർ ഡയറക്ടർ സണ്ണി മാത്യു, ആത്മ പ്രോജക്ട് ഡയറക്ടർ രമാദേവി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close