.
കോഴിക്കോട്: നീണ്ട 21 വർഷമായി വിദ്യാലയങ്ങളിൽ കരാറാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സ്ഥിര നിയമനം ആവശ്യപ്പെട്ട് സർക്കാരിൻ്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഭരണ കക്ഷി അധ്യാപക സംഘടന സമരത്തിനിറങ്ങിയത് ചർച്ചയായി . സിപിഎം നിയന്ത്രണത്തിലുള്ള കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ.ടി.എ) ആണ് ഫെബ്രുവരിയിൽ അനിശ്ചിതകാല സമരം തുടങ്ങുന്നതിൻ്റെ ഭാഗമായി ഇന്ന് സെക്രട്ടറിയറ്റിന് മുന്നിൽ സൂചന നിരാഹാര സമരം നടത്തിയത്.
അഞ്ച് വർഷത്തെ ഭരണ കാലാവധിക്കിടെ അനിശ്ചിതകാല സമരം നടത്താതിരുന്ന സംഘടന അവസാന നിമിഷം സമര പ്രഖ്യാപനം നടത്തിയത് അപഹാസ്യമാണെന്ന് വിമർശനമുയർന്നു .
2016 ഫെബ്രുവരി യിൽ യു.ഡി.എഫ് ഭരണകാലത്താണ് സെക്കൻണ്ടറി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ വേതനം 28815 രൂപയായി വർദ്ധിപ്പിച്ചത്.
2016 മേയിൽ അധികാരത്തിലെത്തിയ ഇടതുമുന്നണി സർക്കാർ അധ്യാപകരുടെ വേതനം 25000 രൂപയായി വെട്ടി കുറച്ചു. 2016 ൽ പാർലമെൻ്റ് പാസാക്കിയ ആറു മാസ പ്രസവാവധി സംസ്ഥാനത്ത് നടപ്പാക്കിയിരുന്നില്ല. സ്പെഷ്യൽ എഡ്യൂക്കേറ്ററായ ഏറനാകുളം സ്വദേശി പി . വി രാഖിയും ഏതാനും അധ്യാപകരും ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതിനെ തുടർന്നാണ് ആറുമാസ പ്രസവാവധി സംസ്ഥാന സർക്കാർ അനുവദിച്ചത്.
പത്ത് വർഷം സേവനം പൂർത്തീകരിച്ച സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്ന് 2016 ജൂൺ 30 ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം .എന്നാൽ , അധ്യാപകരെ സ്ഥിരപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കി ഇടത് സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു.
അധ്യാപകരുടെ വേതനം കുറച്ച , സ്ഥിരപ്പെടുത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയ ഇടത് സർക്കാരിനെതിരെ മൗനം പാലിച്ച ഭരണാനുകൂല സംഘടന യുടെ ഇപ്പോഴത്തെ സമരാഭാസം പരിഹാസ്യമാണെന്ന് അധ്യാപകർ പറഞ്ഞു.
ശബരിമല പ്രശ്നത്തിൽ സർക്കാരിനെതിരെയുള്ള വിമർശനങ്ങളെ പ്രതിരോധിക്കാൻ സി.പി.എം നടത്തിയ ‘വനിത മതിലിൽ ‘ വനിത സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ നിർബന്ധിച്ച് അണിനിരത്തിയതിനെതിരെ അധ്യാപകർക്കിടയിൽ അന്ന് പ്രതിഷേധമുയർന്നിരുന്നു.
അധ്യാപകമാരെ നിർബന്ധിച്ച് പാർട്ടി ദിനപത്രത്തിൻ്റെ വാർഷിക വരിക്കാരാക്കിയതും കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. താൽക്കാലിക നിയമനമായതിനാൽ ജോലിയിൽ നിന്ന് പിരിച്ച് വിടുമെന്ന ഭീഷണിയുയർത്തിയാണ് സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ പാർട്ടി വരുതിയിലാക്കുന്നത്.