കോഴിക്കോട് :കോര്‍പ്പറേഷനിലെ ബിലാത്തിക്കുളം നവീകരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കുളം മലിനമാകാതെ സംരക്ഷിക്കാന്‍ ശരിയായ രീതിയിലുള്ള പദ്ധതി ആവിഷ്കരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വാട്ടര്‍ ഷെഡിനെ മുന്‍നിര്‍ത്തി വാട്ടര്‍ ബഡ്ജറ്റ് ഉണ്ടാക്കണമെന്നും ഇത് ജലത്തിന്റെ ദൗര്‍ലഭ്യം കുറയ്ക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. എ പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കുളം പരമ്പരാഗത വാസ്തുശില്പ രീതിയില്‍ തന്നെ നവീകരിച്ച സംരക്ഷിക്കാനാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് ഇതിന്റെ ആയക്കട്ട് 15 ഹെക്ടര്‍ ആണ്. കുളത്തില്‍ അടിഞ്ഞുകൂടിയ ചളി നീക്കം ചെയ്യലും ഈ പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുളത്തിലെ സംരക്ഷണഭിത്തി രണ്ടു വശങ്ങളില് മുഴുവന്‍ നീളത്തിലും ഒരു വശം ഭാഗികമായ നീളത്തിലും പുനര്‍നിര്‍മിക്കും. അടിത്തറയുടെ മുകള്‍ ഭാഗത്തേക്ക് ചെങ്കല്ലില്‍ വാസ്തുശില്പ ഭംഗിയോടെ നിരവധി പടവുകള്‍ ഉള്‍പ്പെടെ പുനര്‍നിര്‍മിക്കാനാണ് പ്രവൃത്തിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. പ്രവൃത്തിക്ക് ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്ലാന്‍ ഫണ്ടില്‍ 72 ലക്ഷം രൂപയുടെ ഭരണാനുമതിയും 72 ലക്ഷം രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. ഒന്‍പത് മാസം ആണ് പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണ കാലാവധി.
കോര്പ്പറേഷന് മേയര്‍ ബീന ഫിലിപ്പ് വിശിഷ്ടാതിഥിയായി. കൗണ്‍സിലര്‍മാരായ നവ്യ ഹരിദാസ്, അനുരാധ തായാട്ട്, ചീഫ് എഞ്ചിനീയര്‍ അലക്സ് വര്‍ഗീസ്, മൈനര്‍ ഇറിഗേഷന്‍ സര്‍ക്കിള്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സത്യന് കെ.കെ, മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ബാലകൃഷ്ണന് മണ്ണാറക്കല്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അജയന് സി തുടങ്ങിയവര്‍ സംസാരിച്ചു.