കോഴിക്കോട്: കരിപ്പൂര്‍ ഹജ്ജ് ഹൗസിന്റെ സൗകര്യം ഉപയോഗിച്ച് മദ്ര സാധ്യാപകര്‍ക്ക് സ്ഥിരം പരിശീലന കേന്ദ്രം ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. വിദ്യാഭ്യാസ വ്യാപനമേഖലയില്‍ പുതിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അവ മദ്രസാധ്യാപകര്‍ക്ക് പരിചയപ്പെടുത്താന്‍ ഈ പരിശീലന കേന്ദ്രം കൊണ്ട് സാധിക്കും. ജനറല്‍ വിഭാഗം, സൈക്കോളജി തുടങ്ങിയ വിഷയങ്ങളിലുള്ള പ്രത്യേക പരിശീലനമാണ് കേന്ദ്രത്തില്‍ നല്‍കുക. മറ്റു അധ്യാപക പരിശീലനങ്ങള്‍ പോലെ സ്ഥായിയായ രീതിയിലുള്ള സംവിധാനമാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കോഴിക്കോട് മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിച്ച സമഗ്ര പരിശീലന ക്യാംപ് കാലിക്കറ്റ് ടവറില്‍ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു മന്ത്രി.
അധ്യാപകര്‍ക്ക് ക്ഷേമനിധിയുമായി ബന്ധപ്പെട്ട വിവരങ്ങളറിയാന്‍ പ്രത്യേക സോഫ്റ്റ് വെയര്‍ സംവിധാനവും മെസേജ് സംവിധാനവും ഒരുക്കുന്നുണ്ട്. മദ്രസാധ്യാപക ക്ഷേമനിധിയില്‍ മറ്റു ക്ഷേമനിധികള്‍ക്ക് നല്‍കുന്ന അതേ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. മറ്റു ക്ഷേമനിധികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ബാങ്കില്‍ നിക്ഷേപിച്ചാണ് വരുമാനം നേടുന്നത്. എന്നാല്‍ പലിശ പ്രശ്നം നേരിടുന്നതിനാല്‍ മദ്ര സാക്ഷേമനിധി ഫണ്ട് ട്രഷറിയില്‍ നേരിട്ട് നല്‍കുകയാണ്. ഇതില്‍ നിന്നും സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സന്റീവ് മാത്രമാണ് ബോര്‍ഡിന്റെ വരുമാനം.
ക്ഷേമനിധി ബോര്‍ഡ് വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളും എല്ലാ മദ്ര സാധ്യാപകര്‍ക്കും കഴിയാവുന്നത്ര ആനുകൂല്യങ്ങളും നല്‍കി മുന്നോട്ടുപോവുകയാണ്.എല്ലാവരുടേയും സേവനവേതന വ്യവസ്ഥകള്‍ പരിരക്ഷിക്കപ്പെടണം. അതില്‍ നിന്ന് മദ്രസാധ്യാപകര്‍ മാറ്റിനിര്‍ത്തപ്പെടരുതെന്ന നിര്‍ബന്ധബുദ്ധി എല്ലാവര്‍ക്കും ഉണ്ടാകണം. മികച്ച അധ്യാപകരുടെ കേന്ദ്രങ്ങളായി മദ്രസകള്‍ മാറിയിട്ടുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ സദ്‌സേവന പുരസ്‌കാരം കരസ്ഥമാക്കിയ മദ്രസധ്യാപക ക്ഷേമനിധി ബോര്‍ഡ് ജീവനക്കാരന്‍ രഞ്ജിത്ത് കെ.വിക്ക് ഉപഹാരസമര്‍പ്പിച്ചു.
ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.പി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി.പ്രൊഫ.എ.കെ അബ്ദുല്‍ ഹമീദ്, നാസര്‍ ഫൈസി കൂടത്തായി, എ.കെ ഉമര്‍ മൗലവി, മുജീബ് മദനി ഒട്ടുമ്മല്‍, അബൂബക്കര്‍ ഫാറൂഖി നന്മണ്ട, ഡോ.ഐ.പി അബ്ദുസ്സലാം, അശ്റഫ് ബാഖവി എന്നിവര്‍ സംസാരിച്ചു.
വിവിധ സെഷനുകള്‍ക്ക് ഇ.യാക്കൂബ് ഫൈസി, പ്രൊഫ. മുഹമ്മദ് ശരീഫ്, ഡോ.എം.എ മുസ്തഫ, അശ്റഫ് കാവില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉമര്‍ ഫൈസി മുക്കം സ്വാഗതവും ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ പി.എ ഹമീദ് നന്ദിയും പറഞ്ഞു.