പാലാ സീറ്റ് എന്‍ സി പിക്ക് നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് അറിയിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ മാണി സി കാപ്പന്‍ കേന്ദ്ര നേതാക്കളായ ശരത്പവാറുമായി നിര്‍ണായക ചര്‍ച്ച ആരംഭിച്ചു. പാലായില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ യു ഡി എഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് മാണി സി കാപ്പന്‍. കുട്ടനാട്ടില്‍ സീറ്റ് നല്‍കാമെന്ന ഇടതുപക്ഷത്തിന്റെ വാഗ്ദാനവും കാപ്പന് സ്വീകാര്യമല്ല.
അതേ സമയം, മാണി സി കാപ്പന്റെ കേന്ദ്ര നേതൃത്വ ചര്‍ച്ചയെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. പത്ത് ജില്ലാ കമ്മിറ്റികളും തങ്ങള്‍ക്കൊപ്പമാണെന്ന അവകാശവാദവും എ കെ ശശീന്ദ്രന്‍ വിഭാഗം ഉയര്‍ത്തുന്നു. പാലാ സീറ്റ് വിഷയത്തില്‍ എല്‍ ഡി എഫ് വിടാന്‍ ശശീന്ദ്രന്‍ വിഭാഗം ഒരുക്കമല്ല. മാണി സി കാപ്പന്‍ പാര്‍ട്ടി വിട്ടാലും തിരിച്ചടിയാകില്ലെന്നാണ് ശശീന്ദ്രന്‍ പക്ഷത്തിന്റെ നിലപാട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായില്‍ എത്തുമ്പോള്‍ അനുനായികള്‍ക്കൊപ്പം പ്രകടനമായി ജാഥയില്‍ പങ്കുചേരാനാണ് കാപ്പന്റെ തീരുമാനം. ആയിരം പ്രവര്‍ത്തകരുടെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെ തുറന്ന ജീപ്പിലാകും കാപ്പന്‍ യാത്രയില്‍ പങ്കുചേരുക.