BusinessTechnologytop news
100 ചാർജിംഗ് സ്റ്റേഷനുകൾ നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ: മന്ത്രി എ കെ ശശീന്ദ്രൻ
കോഴിക്കോട്: ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് സ്റ്റേഷനുകളില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിന് സംസ്ഥാനത്ത് 100 ചാർജിംഗ് സ്റ്റേഷനുകൾ നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടക്കുകയാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എംജി മോട്ടർസും ടാറ്റാ പവറും സംയുക്തമായി ആരംഭിക്കുന്ന കോഴിക്കോട്ടെ പ്രഥമ ഇവി ചാർജിംഗ് സ്റ്റേഷൻ എം ജി മോട്ടോർസിന്റെ അമ്പത് കിലോവാട്ട് സൂപ്പർ ഫാസ്റ്റ് ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ടാറ്റ പവറുമായി സഹകരിച്ചുകൊണ്ടാണ് എറണാകുളത്തും കോഴിക്കോട്ടും കമ്പനി ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിച്ചിരിക്കുന്നത്. അമ്പത് മിനുട്ടുകൊണ്ട് 80 ശതമാനത്തോളം ചാർജ് ചെയ്യാൻ സൂപ്പർഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനിലൂടെ കഴിയുമെന്ന് കമ്പനി അധികൃതർ അവകാശപ്പെട്ടു. എംജി യുടെ കേരളത്തിലെ രണ്ടാമത്തെ ഇവി ചാർജിംഗ് സ്റ്റേഷനാണ് ആരംഭിച്ചത്. 50 കിലോവാട്ട്, 60 കിലോവാട്ട് സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളിലൂടെ ദേശീയ തലത്തിൽ വൈദ്യുത വാഹന ചാർജിംഗ് ഇക്കോ സിസ്റ്റം വിപുലീകരിക്കുകയാണ് എംജിയുടെ ലക്ഷ്യം. ഇന്ത്യയിലെ 17 നഗരങ്ങളിൽ നിലവിൽ എംജിക്ക് 22 സൂപ്പർ ഫാസ്റ്റ് വൈദ്യുത ചാർജിംഗ് സ്റ്റേഷനുകളാണുള്ളതെന്ന് എം ജി മോട്ടർ ഇന്ത്യ ചീഫ് കൊമേഴ്സ്യൽ ഓഫീസർ സൗരവ് ഗുപ്തയും തടസ്സമില്ലാത്ത വൈദ്യുതി ചാർജിംഗ് അനുഭവം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ടാറ്റാ പവർ ന്യൂ ബിസിനസ് സർവീസസ് ചീഫ് രാജേഷ് നായികും പറഞ്ഞു. കോഴിക്കോട് നടന്ന ചടങ്ങിൽ കോസ്റ്റ് ലൈൻ ഗാരേജസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ജിമ്മിജോസ്, സി ഇ ഒ ഫൈസൽ സുബൈദ്, സാജു ജി സംബന്ധിച്ചു.