കോഴിക്കോട്: ഭൂമിയില്ലാത്തവനെ സ്വന്തം ഭൂമിയുടെ ഉടമകളാക്കി, പട്ടയവിതരണത്തില്‍ ഈ സര്‍ക്കാര്‍ റെക്കോര്‍ഡിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായുള്ള സംസ്ഥാനതല പട്ടയവിതരണവും വിവിധ റവന്യൂ ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ ജനകീയ പ്രശ്നമായിരുന്നു ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുക എന്നത്. ഈ വിഷയത്തിന് സര്‍ക്കാര്‍ വലിയപരിഗണന നല്കി. ദശാബ്ദങ്ങളായി സാങ്കേതിക, നിയമക്കുരുക്കില്‍പ്പെട്ട് ഭൂമിയുടെ അവകാശം നിഷേധിക്കപ്പെട്ടവര്‍ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ മുന്നിലെത്തിയിരുന്നു. അത്തരത്തിലുള്ള രണ്ടുലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ പട്ടയം നല്‍കിയത്. ഈ പ്രശ്നത്തിന് ഇനിയും പരിഹാരമാവാത്തവരുണ്ട്. അവരുടെ കാര്യത്തിലും അതിവേഗം പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സാധാരണക്കാരുടെ ആശ്രയമായ വിലേജ് ഓഫീസ് അടക്കമുള്ള റവന്യൂവകുപ്പ് ഓഫീസുകള്‍ ജനസൗഹൃദമാക്കാന്‍ കഴിഞ്ഞു. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഒരുക്കിയും പുതിയകെട്ടിടങ്ങള് പണിതും മറ്റും റവന്യൂവകുപ്പ് നല്ലനിലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഓഫീസുകള്‍ കടലാസുരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളും വകുപ്പ് നടപ്പിലാക്കുന്നു. ഇത്തരത്തില്‍ ഒരുപുതിയ സര്‍ക്കാര്‍ ആര്ജിച്ചുവരുന്നതായും റവന്യൂവകുപ്പ് ഇതില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂ-ഭവന വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. റവന്യൂവകുപ്പിനെ അടിമുടി മെച്ചപ്പെടുത്താന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞതായും ഓരോപ്രദേശങ്ങളിലും ഈ മുന്നേറ്റം കാണാന്‍കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ വിതരണം ചെയ്തത് 1300 പട്ടയങ്ങള്‍
ജില്ലയിലെ 1300 പട്ടയങ്ങള്‍ അടക്കം സംസ്ഥാനത്താകെ 13,320 പട്ടയങ്ങളാണ് തിങ്കളാഴ്ച വിതരണം ചെയ്തത്. വര്‍ഷങ്ങളായി പട്ടയത്തിനായി പലവാതിലുകള്‍ മുട്ടി നിരാശരായ, അമ്പായത്തോട് മിച്ചഭൂമിയിലെ 113 കുടുംബങ്ങളും ആനമങ്ങാട്- ചക്കുംകടവ് പുറമ്പോക്കിലെ 31 കുടുംബങ്ങളും ജില്ലാതലപരിപാടിയില്‍ പട്ടയങ്ങള്‍ കൈപ്പറ്റി. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എ.പ്രദീപ് കുമാര്‍ എം.എല്‍.എ.യാണ് പട്ടയങ്ങള്‍ കൈമാറിയത്. എല്ലാം ശരിയാവുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ ശരിയായിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്,താമരശ്ശേരി താലൂക്കുകളിലുള്ളവര്‍ക്കാണ് ഇവിടെവെച്ച് പട്ടയങ്ങള്‍ വിതരണം ചെയ്തത്.
സബ് കളക്ടര്‍ പ്രിയങ്ക.ജി.ഐ.എ.എസ്. അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് പി.ഗവാസ് സംസാരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ മിനി.കെ.ആര്. ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. എ.ഡി.എം. എന്‍. പ്രേമചന്ദ്രന് സ്വാഗതവും കോഴിക്കോട് തഹസില്‍ദാര്‍ എ.എം. പ്രേംലാല്‍ നന്ദിയും പറഞ്ഞു.
വടകര താലൂക്കുകാര്ക്കായി നാദാപുരം പഞ്ചായത്ത് ഹാളില്‍ നടന്ന പട്ടയവിതരണം ഇ.കെ.വിജയന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മരിയാട്ട്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് രജീന്ദ്രന്‍ കപ്പള്ളി, പി.പി. ബാലകൃഷ്ണന്, പി.പി.ചാത്തു, എം.പി. സൂപ്പി, എം.ടി. ബാലന്, കെ.ടി.കെ. ചന്ദ്രന്, പി.എം നാണു, കരിമ്പില്‍ ദിവാകരന്, കെ.ജി ലത്തീഫ് എന്നിവര്‍ സംസാരിച്ചു. ലാന്‍ഡ് ട്രിബ്യൂണല്‍ ഹെഡ് മിനി സ്റ്റീരിയല്‍ ഓഫീസര്‍ രമേശന്.വി. സ്വാഗതവും റവന്യൂ ഇന്‍സ്പെക്ടര്‍ ഷൈമ.എം. നന്ദിയും പറഞ്ഞു.