കോഴിക്കോട് : ഭാരതീയ ജനതാ പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പാലുകാച്ചൽ ചടങ്ങ് നടത്തി. ജില്ലയിലെ ഏറ്റവും മുതിർന്ന വനിതാ നേതാവ് അഹല്യ ശങ്കർ പരൗഡ ഗംഭീരമായ ചടങ്ങിൽ പാലു കാച്ചലിന് നേതൃത്വം കൊടുത്തു.സംസ്ഥാന -ജില്ലാ കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തിൽ രാവിലെ 8. 30 ഓടെയായിരുന്നു പാലുകാച്ചൽ ചടങ്ങുകൾ. തളി മഹാദേവ ക്ഷേത്ര പരിസരത്ത് 13,600 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ 3 നിലകളിലായാണ് പുതിയ കെട്ടിടം. ബിജെപിയുടെ സമുന്നത നേതാവായ സ്വർഗീയ കെ. ജി മാരാർ ജിയുടെ നാമധേയത്തിലാണ് പുതിയ ആസ്ഥാനമന്ദിരം അറിയപ്പെടുക.റിസപ്ഷൻ എരിയ,ചെറുതും
വലുതുമായ കോൺഫറൻസ് ഹാളുകൾ, മെയിൻ ഓഫീസ്,വിവിധ മോർച്ചകളുടെ ഓഫീസുകൾ, ലൈബ്രറി, കിച്ചൻ,താമസിക്കുളള മുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, ജില്ലാ പ്രസിഡന്റ് വി കെ സജീവൻ, ആർഎസ്എസ് പ്രാന്ത കാര്യവാഹക് പി.ഗോപാലൻകുട്ടി മാസ്റ്റർ, സി കെ പത്മനാഭൻ, ബി. ഗോപാലകൃഷ്ണൻ, വിവി രാജൻ ,പി രഘുനാഥ്, പ്രകാശ് ബാബു, ടി.പി.ജയചന്ദ്രൻ മാസ്റ്റർ മുൻ ജില്ലാ പ്രസിഡൻറുമാരായിരുന്ന കെപി ശ്രീശൻ,അഡ്വ.മോഹൻദാസ്,ചേറ്റൂർ ബാലകൃഷ്ണൻ മാസ്‌റർ,ആർഎസ്എസ് മഹാ നഗർ സംഘചാലക് മഹിപാൽ,ബിഎംസ് സീനിയർ നേതാവ് കെ.ഗംഗാധരൻ,എളമ്പിലാശ്ശേരി ഗോവിന്ദൻ വിവിധ മോർച്ച,പരിവാർ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ പാർട്ടികളുടെ മുതിർന്ന നേതാക്കന്മാർ എല്ലാവരുടെയും പ്രവർത്തന കേന്ദ്രവും തട്ടകവും ആയിട്ടുള്ള കോഴിക്കോട്, കേരളത്തിലെ ഭാരതീയ ജനതാ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശക്തമായ വേരോട്ടമുള്ള പ്രദേശമാണ്. കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിൽ കോഴിക്കോട് നഗരത്തിൽ ഏഴ് സീറ്റിൽ ജയിക്കുകയും 22 സീറ്റിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു കൊണ്ട് വലിയ മുന്നേറ്റമാണ് കോഴിക്കോട് ബിജെപി നടത്തിയതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടി എന്ന നിലയ്ക്ക് എല്ലാ ജനവിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കുന്ന നിലയിൽ കോഴിക്കോട് ജില്ലയുടെ സാംസ്കാരിക കേന്ദ്രം എന്ന് പറയാൻ സാധിക്കുന്ന തളി മഹാദേവക്ഷേത്രത്തിനു സമീപം ഇതുപോലെ ഒരു കെട്ടിടം സ്വന്തമായി ആരംഭിക്കാൻ സാധിച്ചത് ജില്ലയിലെ ലക്ഷക്കണക്കിന് പ്രവർത്തകരുടെ നസ്സീമമായിട്ടുള്ള പ്രവർത്തനത്തിന്റെയും പരിശ്രമത്തിന്റെയും ഭാഗമാണ്. ജില്ലയിൽ ബിജെപിക്ക് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാൻ സാധിക്കുന്ന രീതിയിലുള്ള പ്രവർത്തന കേന്ദ്രമായി ഈ ജില്ലാ കാര്യാലയം മാറാൻ വേണ്ടി പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര നേതാക്കളുടെ സൗകര്യം പരിഗണിച്ച് വിപുലമായ രീതിയിലാണ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ നടക്കുകയെന്നു ബിജെപി ജില്ലാ പ്രസിഡന്റ് വി കെ സജീവൻ കൂട്ടിച്ചേർത്തു.