കോഴിക്കോട്: കുറ്റ്യാടിക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് പാവങ്ങാടു നിന്ന് ഓരാള്‍ െൈകകാട്ടി. ബസിലേക്ക് കയറിയ ആളെകണ്ട് ഡ്രൈവറും കണ്ടക്ടറും ഒന്നത്ഭുതപ്പെട്ടു. ഒപ്പം യാത്രക്കാരും. ഗതാഗത മന്ത്രി പൊടുന്നനെ കൈകാട്ടി ബസില്‍ കയറുമെന്നൊന്നും അവര്‍ കരുതിയിരുന്നില്ല. എലത്തൂര്‍ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എ.കെ. ശശീന്ദ്രന്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനി’യിലാണ് പാവങ്ങാടു നിന്ന് പറമ്പത്തേക്ക് ബസില്‍ കയറിയത്. വകുപ്പു മന്ത്രിയെ കണ്ട ഷോക്കിലായിരുന്നു വനിതാ കണ്ടക്ടര്‍. അവര്‍ക്കു മുന്നിലേക്ക് ശശീന്ദ്രന്‍ 500 രൂപാ നോട്ടെടുത്തു നീട്ടി, എന്നിട്ടു പറഞ്ഞു നാലു പറമ്പത്ത്. മടിച്ചു നിന്ന കണ്ടക്ടറോട് ശശീന്ദ്രന്‍ പറഞ്ഞു. ‘മന്ത്രിയായല്ല എന്റെ യാത്ര. എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായാണ്. അതുകൊണ്ട് നീ കാശ് വാങ്ങിക്ക്’. ഇതോടെ അര്‍ദ്ധ മനസോടെ കണ്ടക്ടര്‍ കാശു വാങ്ങിച്ച് ടിക്കറ്റ് മുറിച്ചു നല്‍കി. പിന്നെ ഡ്രൈവറുടെ അടുത്തേക്ക്. കൈ കൂപ്പിയെത്തിയ വകുപ്പു മന്ത്രിയെ ബസ് നിര്‍ത്തി കൈകൂപ്പിക്കൊണ്ടു തന്നെ ഡ്രൈവറും വരവേറ്റു. പിന്നെ ക്ഷേമാന്വേഷണങ്ങള്‍.
ബസിലെ യാത്രക്കിടയില്‍ ശശീന്ദ്രന്‍ യാത്രക്കാരോട് വോട്ടഭ്യര്‍ത്ഥനയും നടത്തി. ‘നിങ്ങളില്‍ എലത്തൂര്‍ മണ്ഡലക്കാര്‍ ഉണ്ടെങ്കില്‍ എനിക്കു വോട്ടു ചെയ്യണം. അല്ലാത്തവര്‍ ഇടതു മുന്നണിക്ക് വോട്ട് ചെയ്യണം. ജനങ്ങളുടെ കണ്ണീരിനിയും ഒപ്പാന്‍ നമുക്ക് തുടര്‍ഭരണം വേണം’- എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പറമ്പത്ത് എത്തിയതോടെ യാത്രക്കാരും ബസ് ജീവനക്കാരും മന്ത്രിയെ കൈവീശി യാത്രയാക്കി.
നേരത്തെ പാവങ്ങാട്ടെ കെഎസ്ആര്‍ടിസി ഡിപ്പോയിലും ശശീന്ദ്രന്‍ വോട്ടുതേടിയെത്തി. ഓദ്യോഗിക പരിവേഷങ്ങളൊന്നുമില്ലാതെ വോട്ടഭ്യര്‍ത്ഥിക്കാനെത്തിയ സ്ഥാനാര്‍ത്ഥി ജീവനക്കാര്‍ക്കും അത്ഭുതമായി.