KERALAlocaltop newsVIRAL

ഓപ്പറേഷന്‍ പേരിയ : മാവോയിസ്റ്റുകളെ മുട്ടുകുത്തിച്ച സൈക്കോളജിക്കല്‍ മൂവ്

ഠ കമാന്‍ഡോകളുടെ നുഴഞ്ഞ് കയറ്റത്തിന് 'സെന്‍ട്രി'യുടെ വീഴ്ച തുണയായി

 

കെ.ഷിന്റുലാല്‍

കോഴിക്കോട് : സൈനിക പരിശീലനം വരെ ലഭിച്ചിട്ടും കേരള പോലീസിന്റെ കമാന്‍ഡോകള്‍ ഒരുക്കിയ സൈക്കോളജിക്കല്‍ മൂവില്‍ അടിപതറി മാവോയിസ്റ്റ് ചന്ദ്രു. എ.കെ.47 ഉള്‍പ്പെടെ അത്യാധുനിക ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന ചന്ദ്രുവിനേയും ഉണ്ണിമായയേയും ഹാന്‍ഡ്കഫ് പോലുമല്ലാതെ വെറും തോര്‍ത്തുമുണ്ടിനാലാണ് സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്
(എസ്ഒജി) കമാന്‍ഡോകള്‍ മുട്ടുകുത്തിച്ചത്. വിരലിലെണ്ണാവുന്ന കമാന്‍ഡോകള്‍ മാത്രം ചുമരിനിപ്പുറത്ത് നില്‍ക്കുമ്പോഴും നൂറിലേറെപേര്‍ ഉണ്ടെന്ന് വരുത്തി തീര്‍ത്ത് ആദ്യം ചന്ദ്രുവിന്റെ ആത്മവിശ്വാസത്തെ ഇല്ലാതാക്കി. സുന്ദരിയേയും ലതയേയും കീഴ്‌പെടുത്തിയിട്ടുണ്ടെന്ന് കൂടി അറിയിച്ചതോടെ ചന്ദ്രുവും ഉണ്ണിമായയും പൂര്‍ണമായും നിശബ്ധരായി. ആയുധമേന്തി ഒരു ഭിത്തിക്കപ്പുറത്ത് നില്‍ക്കുന്ന ചന്ദ്രുവിന് പിന്നീട് പിടിച്ചു നില്‍ക്കാനായില്ല. ചെറുത്തുനില്‍പ്പിനൊന്നും ശ്രമിക്കാതെ തോക്ക് താഴെ വച്ച് കൈകള്‍ നീട്ടി മാവോയിസ്റ്റുകള്‍ കമാന്‍ഡോകള്‍ മെനഞ്ഞെടുത്ത തന്ത്രത്തിന് മുന്നില്‍ കീഴടങ്ങി.

ചൊവ്വാഴ്ച ചപ്പാരം ഊരിലെ അനീഷിന്റെ വീട്ടില്‍, മാവോയിസ്റ്റുകള്‍ എത്തിയതിന് ശേഷമാണ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന് കീഴിലുള്ള സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്ഒജി) സംഘമെത്തിയത്. വീടിന് സമീപത്ത് എത്തിയ കമാന്‍ഡോ സംഘം മാവോയിസ്റ്റുകളുടെ നീക്കം സസൂക്ഷ്മം നിരീക്ഷിച്ചു. വീടിനുള്ളില്‍ മാവോയിസ്റ്റുകള്‍ സംസാരിക്കുന്നതും കുട്ടികളുടെ സാന്നിധ്യവുമെല്ലാം കമാന്‍ഡോ സംഘത്തിന് നേരിട്ട് ബോധ്യപ്പെട്ടു. അതിനിടെ വീടിന്റെ പുറകിലായി മാവോയിസ്റ്റുകള്‍ കൊണ്ടുവന്ന തോക്കുകള്‍ ചാരിവച്ചതായി ശ്രദ്ധയില്‍പെട്ടു. മണിക്കൂറുകളോളം കാത്തിരുന്ന ശേഷം ഈ തോക്കുകള്‍ കമാന്‍ഡോ സംഘം കൈക്കലാക്കി. തോക്ക് കാണാതായ വിവരം മാവോയിസ്റ്റുകള്‍ മനസിലാക്കുന്നതിന് മുമ്പേ ഓപ്പറേഷന്‍ നടത്താന്‍ കമാന്‍ഡോകള്‍ തീരുമാനിച്ചു. ഇതിനിടെയാണ് വീടിന് പുറത്ത് കാവല്‍ നിന്ന മാവോയിസ്റ്റുകളുടെ സെന്‍ട്രി (കാവല്‍ ഭടന്‍) അകത്തേക്ക് പോയത്. ഈ സമയം കമാന്‍ഡോകള്‍ വീടിന്റെ മുറ്റത്തേക്ക് നുഴഞ്ഞു നീങ്ങുകയും ഞൊടിയിടയില്‍ വീടിന്റെ ചുമരിനോട് ചേര്‍ന്ന് നിലയുറപ്പിക്കുകയും ചെയ്തു.
സെന്‍ട്രി പുറത്തേക്ക് വരുന്നത് പ്രതീക്ഷിച്ചിരുന്ന കമാന്‍ഡോകള്‍ക്ക് മുന്നിലെത്തിയത് മാവോയിസ്റ്റായിരുന്നില്ല. വീട്ടുകാരനായിരുന്നു. ഇത് മനസിലാക്കുന്നതിനിടെ അകത്ത് നിന്നുള്ള മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. തലനാരീഴയ്ക്കാണ് കമാന്‍ഡോസംഘം രക്ഷപ്പെട്ടത്. വാതിലിനായിരുന്നു ചന്ദ്രുവിന്റെ തോക്കില്‍ നിന്നുള്ള ഉണ്ടകള്‍കൊണ്ടത്. ഇതിനിടെ സുന്ദരിയും ലതയും കമാന്‍ഡോ സംഘത്തിന് നേരെ വെടിയുതിര്‍ത്ത് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ചന്ദ്രുവും ഉണ്ണിമായയും വീടിനുള്ളില്‍ കുടുങ്ങി. ചന്ദ്രുവിന്റെ കൈവശം തോക്കുണ്ടെങ്കിലും വെടിയുണ്ട ലോഡാകാതെ വന്നു. ഇത് മനസിലാക്കിയ കമാന്‍ഡോസംഘം ചന്ദ്രുവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചന്ദ്രു തയാറായില്ല. സുന്ദരിയേയും ലതയേയും കീഴ്‌പെടുത്തിയെന്നും കീഴടങ്ങണമെന്നും ചന്ദ്രുവിനോട് ആവശ്യപ്പെട്ടു. കൂടാതെ നൂറംഗ തണ്ടര്‍ബോള്‍ട്ട് സംഘം വീട് വളഞ്ഞതായും രക്ഷപ്പെടാന്‍ ഒരിക്കലും സാധിക്കില്ലെന്നും പറഞ്ഞ് ചന്ദ്രുവിനെ മാനസികമായി തളര്‍ത്തി. ആയുധം വച്ച് കീഴടങ്ങിയാല്‍ ആക്രമിക്കില്ലെന്നും കമാന്‍ഡോ സംഘം ചന്ദ്രുവിനെ അറിയിച്ചു. തുടര്‍ന്നാണ് ചന്ദ്രു കൈവശമുള്ള തോക്ക് വാതില്‍ പടിയില്‍ വയ്ക്കുകയും കൈകള്‍ നീട്ടി കമാന്‍ഡോകള്‍ക്ക് മുന്നില്‍ നിന്നതും. ഇതോടെ തോര്‍ത്തുമുണ്ട് ഉപയോഗിച്ച് കൈകള്‍ കെട്ടി ചന്ദ്രുവിനേയും ഉണ്ണിമായയേയും കമാന്‍ഡോകള്‍ പുറത്തിറക്കി . സുന്ദരിയും ലതയും പിടിയിലായില്ലെന്ന വിവരം അറിഞ്ഞതോടെ കൊന്നുകളഞ്ഞോളാന്‍ ചന്ദ്രു കമാന്‍ഡോ സംഘത്തിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അതേസമയം ഓപ്പറേഷന് കമാന്‍ഡോ സംഘം ഉപയോഗിച്ച തോക്ക് കേസന്വേഷിക്കുന്ന മാനന്തവാടി ഡിവൈഎസ്പി കസ്റ്റഡിയിലെടുത്തതായാണ് വിവരം. അടുത്ത ദിവസം കമാന്‍ഡോ സംഘത്തിന്റെ മൊഴിയും രേഖപ്പെടുത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close