കോഴിക്കോട്: ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ സുസ്ഥിര വികസനം ലക്ഷ്യംവെച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്കസ് ഇന്ത്യ എന്ന സന്നദ്ധസംഘടന നിര്‍മാണ്‍ 2030 പദ്ധതി പ്രഖ്യാപിച്ചു. 100 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ആദ്യഘട്ട പദ്ധതി ഒന്‍പതു വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്തെ ഏറ്റവും പിന്നാക്ക ജില്ലകളിലൊന്നായ അസമിലെ മൊരിഗാവിലെ 10 ഗ്രാമങ്ങളാണ് നിര്‍മാണ്‍ 2030നു കീഴില്‍ വരുന്നത്. 2011ലെ സെന്‍സസ് പ്രകാരം 69 ശതമാനമാണ് ജില്ലയുടെ സാക്ഷരതാ നിരക്ക്. പ്രധാനമായും കൃഷിയെ ആശ്രയിച്ചു നില്‍ക്കുന്ന പ്രദേശം ബ്രഹ്മപുത്ര നദിയില്‍നിന്നുള്ള വെള്ളപ്പൊക്കവും തൊഴിലില്ലായ്മയും ദാരിദ്ര്യവും കാരണം പ്രയാസപ്പെടുന്ന അസം ഗ്രാമങ്ങളുടെ ഒരു പരിഛേദമാണ്.
North Indian Rural Mentoring & Adoption Project അഥവാ നിര്‍മാണ്‍ 2030 എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ദൗത്യം അഞ്ചു വിഭാഗങ്ങളിലായാണ് സാക്ഷാത്ക്കരിക്കാന്‍ ഫോക്കസ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.
കമ്യൂണിറ്റി ഡെവലപ്‌മെന്റ് സെന്ററുകള്‍
ഫസ്റ്റ് എയ്ഡ് സെന്റര്‍, ലൈബ്രറി അല്ലെങ്കില്‍ റീഡിങ് റൂം, കണ്‍സ്യൂമര്‍ കോപ്പറേറ്റിവ് സ്റ്റോര്‍, ഇ-സര്‍വിസ് ആന്റ് കംപ്യൂട്ടര്‍ ലേണിങ് സെന്റര്‍, റൂറല്‍ സ്‌പോര്‍ട്‌സ് ക്ലബ്, മെഡിറ്റേഷന്‍ ഹാള്‍ എന്നിവ അടങ്ങിയതായിരിക്കും ഓരോ ഗ്രാമത്തിലെയും കമ്യൂണിറ്റി ഡെവലപ്‌മെന്റ് സെന്ററുകള്‍. ഗ്രാമീണരും ഫോക്കസ് ഇന്ത്യയും തമ്മിലുള്ള പ്രാഥമിക ആശയവിനിമയ-വ്യവഹാരകേന്ദ്രമായി ഈ സെന്ററുകള്‍ നിലനില്‍ക്കും
ഗുണമേന്മയുള്ള വിദ്യഭ്യാസം
രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശാക്തീകരണം, ട്യൂഷനും ഗൈഡന്‍സും, കൊഴിഞ്ഞുപോക്ക് തടയല്‍, സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ എന്നിവയാണ് ഗുണമേന്മയുള്ള വിദ്യാഭ്യാസം അഥവാ ക്വാളിറ്റി എജ്യുക്കേഷന്‍ വിഭാഗത്തിന്റെ ദൗത്യം.
സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍
പ്ലംബിങ്, വയറിങ്, വെല്‍ഡിങ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ടൈലറിങ് ആന്റ് എംബ്രോയ്ഡറി എന്നിവയില്‍ പരിശീലനം നല്‍കുക എന്നതായിരിക്കും സ്‌കില്‍ ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ ജോലി. തദ്ദേശീയരായ വിദഗ്ധ തൊഴിലാളികളെ സൃഷ്ടിച്ച് ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം സഹജമായ മികവുകള്‍ വികസിപ്പിക്കുക എന്നതുകൂടിയാണ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളുടെ ദൗത്യം
മാന്യമായ തൊഴിലും സാമ്പത്തിക പുരോഗതിയും
മത്സ്യകൃഷി, പാല്‍ സംഭരണവും വിതരണവും, കാലി വളര്‍ത്തല്‍ തുടങ്ങിയവ വഴി തൊഴിലില്ലായ്മ ലഘൂകരിക്കുക എന്നതാണ് ഡീസന്റ് വര്‍ക്ക് ഏന്‍ഡ് എക്കണോമിക് ഗ്രോത്ത് വിഭാഗത്തിന്റെ ലക്ഷ്യം
പാര്‍പ്പിട പദ്ധതി
പാവങ്ങള്‍ക്കും വിധവകള്‍ക്കുമുള്ള വീടുകള്‍, വെള്ളപ്പൊക്ക ബാധിത മേഖലയില്‍ ഷെല്‍ട്ടറുകള്‍, പാര്‍പ്പിടങ്ങളെയും അവയുടെ സുരക്ഷയെയും സംബന്ധിച്ച സമയാസമയങ്ങളിലുള്ള പരിശോധനകള്‍ തുടങ്ങിയവയാണ് പാര്‍പ്പിട പദ്ധതിയുടെ പരിധിയില്‍ വരുന്നത്. കേവലം 32,000 രൂപ ചെലവില്‍ നിര്‍മിക്കാവുന്നതാണ് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വീടുകള്‍.
പൈലറ്റ് പദ്ധതി എന്ന നിലയില്‍ 2030 ആകുമ്പോഴേയ്ക്കും അസമിലെ പിന്നാക്കം നില്‍ക്കുന്ന ഏതാനും ഗ്രാമങ്ങളെ സമഗ്രപുരോഗതിയുടെ ഉന്നതിയില്‍ എത്തിക്കുക എന്നതാണ് ഫോക്കസ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനുള്ള ഹോം വര്‍ക്കുകള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി പദ്ധതിയുടെ പ്രയോഗവത്കരണകാലമാണ്.