കോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗവ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ്, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുത്തതാക്കി ജില്ലാ കലക്ടർ ഉത്തരവായി. കണ്ടെയ്ൻമെന്റ് സോണിന് അകത്തേക്കും പുറത്തേക്കും ഓരോ വഴികൾ മാത്രമേ ഉണ്ടാവുകയുള്ളൂ. മറ്റുള്ള റോഡുകൾ അടച്ചിടും. മെഡിക്കൽ, അവശ്യ സാധനങ്ങൾക്കു വേണ്ടിയല്ലാതെ സഞ്ചാരം അനുവദിക്കില്ല. അവശ്യ സേവനങ്ങൾക്കല്ലാതെ പുറമെ നിന്നുള്ള പ്രവേശനവും നിരോധിച്ചു. ആൾക്കൂട്ടവും പരിപാടികളും അനുവദിക്കില്ല. എല്ലാ പൊതു ഇടങ്ങളും അടച്ചിടും. അവശ്യ സേവനങ്ങൾക്കും വസ്തുക്കൾക്കുമല്ലാതെയുള്ള ഓഫീസുകൾ അടച്ചിടേണ്ടതാണ്. ആളുകൾ ജോലി വീടുകളിൽ നിന്ന് നിർവ്വഹിക്കേണ്ടതാണ്. അവശ്യ സേവനങ്ങൾക്കും സാധനങ്ങൾക്കുമായുള്ള കടകളും സ്ഥാപനങ്ങളും സേവനം വീടുകളിൽ എത്തിക്കേണ്ടതാണ്.
ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ്റ് സോണിൽ മെഡിക്കൽ, അവശ്യ വസ്തുക്കളും സേവനങ്ങളും മാത്രമേ അനുവദിക്കൂ. അകത്തേക്കും പുറത്തേക്കും ഓരോ വഴികൾ മാത്രമാണുണ്ടാവുക. മറ്റ് റോഡുകൾ അടച്ചിടും. ആളുകൾ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയേണ്ടതാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് ഉത്തരവിൽ പറഞ്ഞു.