KERALAPoliticstop news

ചെങ്കൊടി പുതച്ച് വിപ്ലവനായികയുടെ അന്ത്യയാത്ര, ഗൗരിയമ്മക്ക് ആദരമര്‍പ്പിച്ച് രാഷ്ട്രീയ കേരളം

ഐതിഹാസികമായ ഭൂപരിഷ്‌കരണ ബില്‍ അവതരിപ്പിച്ച് ജന്മിത്തത്തിന്റെ വേരറുത്ത വിപ്ലവനായിക കെ ആര്‍ ഗൗരിയമ്മയുടെ അന്ത്യയാത്ര ചെങ്കൊടി പുതച്ച്. രാഷ്ട്രീയ ജീവിതത്തില്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച അതേ കൊടി. എം എ ബേബിയും വിജയരാഘവനും കേരളത്തിന്റെ ഇതിഹാസ വനിതയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. ഗവര്‍ണര്‍
ഗൗരിയമ്മയുടെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്ര തിരുവനന്തപുരത്ത് നിന്ന് അരൂരിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് മൃതദേഹം സംസ്‌കരിക്കാനായി അരൂരിലേക്ക് കൊണ്ടു പോയത്. അയ്യങ്കാളി ഹാളില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്. തിരക്കേറിയപ്പോള്‍ പോലീസിന് നിയന്ത്രിക്കേണ്ടി വന്നു. പാസ് നല്‍കിയാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമൊരുക്കിയത്.
കൊവിഡ് പ്രോട്ടോക്കോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശന സൗകര്യം ഒരുക്കിയത്. കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു കെ ആര്‍ ഗൗരിയമല്ല. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം. 102 വയസായിരുന്നു.
1952-53, 1954-56 വര്‍ഷങ്ങളില്‍ തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലും ഒന്നു മുതല്‍ പതിനൊന്നു വരെ, അഞ്ചാം നിയമസഭയൊഴികെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു. 1957,1967,1980,1987 വര്‍ഷങ്ങളില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളിലും 2001 ലെ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളിലും അംഗമായിരുന്നു. ഇടത് മുന്നണി സര്‍ക്കാരിലും ഐക്യമുന്നണി സര്‍ക്കാരിലുമായി അഞ്ച് തവണ മന്ത്രിയായി.
1994 ല്‍ ഇ എം എസ്സുമായുള്ള ഭിന്നതയ്‌ക്കൊടുവില്‍ സി പി എം വിട്ട ഗൗരിയമ്മ അവരുടെ രാഷ്ട്രീയം അവസാനിപ്പിച്ചില്ല. ജെ എസ് എസ് രൂപവത്കരിച്ച് യു ഡി എഫിന്റെ ഭാഗമായി ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിസഭയില്‍ അംഗമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close