ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരം, അവാർഡ് നിർണ്ണയ സമിതിയുടെ നിർദേശ പ്രകാരം പുനഃപരിശോധനയ്ക്ക് വിധേയമാക്കുവാൻ ഒഎൻവി കൾച്ചറൽ അക്കാദമി നിശ്ചയിച്ചതായി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചു. മീടൂ ആരോപണത്തിന് വിധേയനായ പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന് അവാർഡ് നൽകുന്നതിന് എതിരെ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് അവാർഡ് നിർണ്ണയ സമിതിയുടെ നിർദേശ പ്രകാരം പുനഃപരിശോധനയ്ക്ക് വിധേയമാക്കുവാനുള്ള തീരുമാനം ഔദ്യോഗികമായി വന്നിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഒ എന്‍ വി കള്‍ച്ചറല്‍ അക്കാദമിയുടെ രക്ഷാധികാരി. സി പി എം പി ബി അംഗം എം എ ബേബി, പ്രഭാവര്‍മ്മ, ബിനോയ് വിശ്വം, എം കെ മുനീര്‍, സി രാധാകൃഷ്ണന് എന്നിവരും അക്കാദമിയുടെ ഭാഗമാണ്.
പുരസ്കാരം സ്വഭാവം നോക്കി കൊടുക്കാന്‍ പറ്റില്ലെന്ന അക്കാദമി ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണന്റെ അഭിപ്രായത്തെ വിമര്‍ശിച്ച് എന്‍ എസ് മാധവന്, കെ ആര് മീര, പാര്‍വതി തിരുവോത്ത് എന്നിവര്‍ രംഗത്ത് വന്നിരുന്നു.