കോഴിക്കോട് : നഗരത്തിൽ മഴക്കാലത്തുണ്ടാവുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി സമഗ്രമായ പഠനം നടത്തി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് കോഴിക്കോട് കോർപ്പറേഷൻ നടപടി ആരംഭിച്ചു. ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തി ഡി.പി.ആർ തയ്യാറാക്കുന്നതിന് സിഡബ്ല്യുആർഡിഎം-നെ ചുമതലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് മേയറുടെ ചേംബറിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
നഗരത്തിലെ മഴക്കാലത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകൾ ഏകോപിച്ച് വിപുലമായ പദ്ധതി നടപ്പാക്കുന്നതിന് കോർപ്പറേഷൻ നടപടി സ്വീകരിച്ചു വരികയാണ്. ഇതിന് മുന്നോടിയായാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. 2018-ലെ വെള്ളപ്പൊക്കത്തെ തുടർന്ന് വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി കോർപ്പറേഷന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. മിഷൻ ബ്രഹ്മപുത്ര എന്ന പേരിലുള്ള ഈ പദ്ധതി ഈ മഴക്കാലത്തും തുടർന്നു വരുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് നഗരസഭാ പരിധിയിലെ വെള്ളപ്പൊക്കം പരിഹരിക്കുന്നതിനായി സമഗ്രമായ പഠനം നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നത്. കോർപ്പറേഷന്റെ നേതൃത്വത്തിൽ നിലവിൽ വിവിധ വകുപ്പുകളുടെ കീഴിലായി കിടക്കുന്ന പദ്ധതികൾ ഏകോപിപ്പിച്ച് നടത്തിയാൽ മാത്രമേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവൂ എന്ന് യോഗം വിലയിരുത്തി. കല്ലായ് പുഴ, ചാലിയാർ പുഴ, പൂനൂർ പുഴ, കനോലി കനാൽ, കോട്ടൂളി തണ്ണീർത്തടം തുടങ്ങിയവക്കായി ഇറിഗേഷൻ തയ്യാറാക്കിയ റിപ്പോർട്ടും സിഡബ്ല്യുആർഡിഎം മുമ്പ് നടത്തിയ വിശദമായ പഠനങ്ങളും മുൻനിർത്തി തയ്യാറാക്കുന്ന മാസ്റ്റർപ്ലാൻ നിലവിൽ വരുന്നതോടെ വിവിധ വകുപ്പുകൾക്ക് കീഴിൽ വരുന്ന ഡ്രെയിനേജ് നിർമ്മാണമുൾപ്പെടെയുള്ള പ്രവൃത്തികൾ ഇതിന്റെ അടിസ്ഥാനത്തിൽ നടത്താൻ കഴിയുന്നതാണെന്നും യോഗം വിലയിരുത്തി.
മേയറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ .സി.പി.മുസാഫർ അഹമ്മദ്, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ഡോ.എസ്.ജയശ്രീ ടീച്ചർ, മരാമത്ത് സ്ഥിരം സമിതി ചെയർമാൻ .പി.സി.രാജൻ, നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ കൃഷ്ണകുമാരി, കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി .സജി.എസ്.എസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ .രമേഷ്.കെ.പി, എക്സിക്യൂട്ടീവ് എഞ്ചിനീയർ .ഉദയൻ.കെ.വി, ഡോ.ഹരികുമാർ (സി.ഡബ്ല്യു.ആർ.ഡി.എം ), ഡോ.ദൃശ്യ.ടി.കെ (സി.ഡബ്ല്യുആർ.ഡി.എം), മുൻ എം.എൽ.എ .എ.പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.