കോഴിക്കോട്: ബേപ്പൂരിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ ബേപ്പൂർ തുറമുഖവും ഹാർബറും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ലക്ഷദ്വീപിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ വന്ന് പോവുന്നതും കോഴിക്കോടിന്റെ വാണിജ്യ വ്യാപാര വികസന മേഖലകളില്‍ ഏറ്റവും പ്രധാനപ്പെട്ടതുമാണ് ബേപ്പൂരെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ബേപ്പൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള നടപടികൾ സ്വീകരിക്കും. ഹാര്‍ബറില്‍ മൂന്ന് ഘട്ടങ്ങളിലായുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുക. അടിയന്തര പ്രാധാന്യത്തോടു കൂടി ഹാര്‍ബറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. മറ്റ് തടസ്സങ്ങളില്ലെങ്കില്‍ ചാലിയത്തെ ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ നിര്‍മ്മാണവും വേഗത്തില്‍ ആരംഭിക്കും. 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ബേപ്പൂര്‍ പോര്‍ട്ടും ഹാര്‍ബറും ഒട്ടേറെ പ്രാധാന്യമുള്ള കേന്ദ്രമാണ്.
സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ് ബേപ്പൂര്‍ പോര്‍ട്ടിന്റെയും ഹാര്‍ബറിന്റെയും വികസനമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
ബേപ്പൂരിന്റെ മുഖച്ഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുകയെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വ്യാപാരമേഖലക്ക് വലിയ ഉണര്‍വ് നല്‍കുന്ന ചരക്ക് കപ്പല്‍ ഗതാഗതത്തിന് 22ന് തുടക്കമാവും. ആദ്യകപ്പല്‍ കൊച്ചിയില്‍ നിന്നാണ് എത്തുന്നത്.
ജില്ലാ കലക്ടർ സാംബശിവ റാവു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.