കോഴിക്കോട്: തളി സാമൂതിരി ഹയർസെക്കൻഡറി സ്കൂളിൽ സ്മാർട്ട്ഫോൺ ബാങ്ക് ഉദ്ഘാടനവും , സ്മാർട്ട്ഫോൺ വിതരണവും പ്രമുഖ പത്ര പ്രവർത്തകൻ കമാൽ വരദൂർ നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. സാമൂതിരി രാജ ലീഗൽ അഡ്വൈസർ ഗോവിന്ദ് ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തി.
സ്കൂളിലെ ഈ പുതിയ പദ്ധതി പ്രകാരം സ്മാർട്ട്ഫോൺ ബാങ്കിൽ നിന്നും ഫോൺ പഠന ആവശ്യാർത്ഥം കുട്ടികൾക്ക് താൽക്കാലികമായി നൽകുകയും അവരുടെ പഠനാവശ്യം കഴിഞ്ഞ് ബാങ്കിലേക്ക് തന്നെ തിരിച്ചു ഏൽപ്പിക്കുകയും ചെയ്യും. ഓൺലൈൻ പഠന കാലത്തിനു ശേഷവും ഈ പദ്ധതി സ്കൂളിന് വലിയ മുതൽകൂട്ടാവും എന്ന പ്രതീക്ഷയിലാണ് അധ്യാപകർ.
സ്കൂളിലെ സ്മാർട്ട്ഫോൺ ബാങ്കിലേക്ക് അധ്യാപകരും ,മാനേജ്മെന്റും, സന്നദ്ധ സംഘടനകളും , പൂർവ്വ വിദ്യാർത്ഥി സംഘടനകളും ഫോണുകൾ കൈമാറി.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഓൺലൈൻ പഠനത്തിന് യാതൊരു സൗകര്യവും ലഭ്യമല്ലാത്ത, സ്കൂളിലെ നിർദ്ധനരായ 21 കുട്ടികൾക്ക് പഠനസൗകര്യം ലഭിക്കും. ബാങ്കിലേക്ക് കൂടുതൽ സ്മാർട്ട് ഫോണുകൾ എത്തിക്കുന്ന പ്രയത്നത്തിലാണ് അധ്യാപകർ, പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കൂടുതൽ കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അവർ കരുതുന്നു.
സ്കൂളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ലളിതമായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സജിത, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റാസിക് പുവ്വാട്ട്, പിടിഎ പ്രസിഡൻറ് അനിൽകുമാർ, റോജ,ദുർഗ്ഗ,കെ.കെ ഹരികൃഷ്ണൻ, തങ്കമണി എന്നിവർ സംസാരിച്ചു.