കോഴിക്കോട്: ദേശീയ പാത ബൈപാസ് മേൽപ്പാലം അപ്രോച്ച് റോഡിലെ കുഴികൾ എത്രയും വേഗം അടയ്ക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ബാലുശേരി റോഡിൽ കക്കോടി പഴയ ജയശ്രീ തീയേറ്ററിന് മുന്നിലെ അഴുക്കുചാൽ അടിയന്തിരമായി സ്ലാബിട്ട് മൂടണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥാണ് ഉത്തരവുകൾ നൽകിയത്.
ബൈപാസ് റോഡിലെ കുഴികൾ അടയ്ക്കുന്നത് സംബന്ധിച്ച് ദേശീയ പാതാ അതോറിറ്റി കോഴിക്കോട് ജില്ലാ മേധാവി ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇവിടെ രണ്ടു പേർ അപകടത്തിൽ മരിച്ചിരുന്നു. റോഡിലെ കുഴികളെ കുറിച്ച് നാട്ടുകാർ പല തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
ബാലുശേരി റോഡിലെ അഴുക്കുചാൽ അടിയന്തിരമായി സ്ലാബിട്ട് മൂടണമെന്ന് കക്കോടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. മൂന്നാഴ്ചക്കകം നടപടി റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഇവിടെ കഴിഞ്ഞ ഞായറാഴ്ച മധ്യവയസ്കൻറെ മൃതദേഹം കണ്ടെത്തിയിരുന്നു. റോഡരികിലൂടെ നടന്നു പോകുമ്പോൾ അബദ്ധത്തിൽ ചാലിലേക്ക് വീണ് മരിച്ചതായാണ് സംശയം. ഇവിടെ ആരെങ്കിലും കാൽതെറ്റി വീണാൽ പോലും അറിയാൻ കഴിയില്ല.ചാലിനടിയിൽ കുറ്റികാടുകളും മറ്റും വളർന്നിട്ടുണ്ട്. അശാസ്ത്രീയമായ രീതിയിൽ വൈദ്യുതി പോസ്റ്റുകളും ഇതിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നടക്കുന്ന സ്ഥലമാണ് ഇവിടം. വാഹനങ്ങൾ ചാലിലേക്ക് തെന്നി വീഴാനുള്ള സാധ്യതയുമുണ്ട്.
പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇരു കേസുകളും കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്തത്. കേസുകൾ റിപ്പോർട്ട് ലഭിച്ച ശേഷം പരിഗണിക്കും.