കോഴിക്കോട്:- മഞ്ചക്കൽതോട് ആഴംകൂട്ടുന്ന നടപടികൾ പൂർണവും ഫലപ്രദവുമായി എത്രയും വേഗം പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
തോട് ആഴം കൂട്ടുന്നത് പൂർത്തിയാക്കാതെ ബാർജ് തിരികെ കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ ഉത്തരവ്.
നഗരസഭ ഫണ്ട് അനുവദിച്ചിട്ടും പേരിന് മാത്രം ആഴക്കൂടുതൽ നടത്തി തടിതപ്പാനുള്ള ശ്രമമാണ് നാട്ടുകാർ ഇടപെട്ട് തടഞ്ഞത്.
നഗരസഭാ സെക്രട്ടറി വ്യക്തിപരമായി ഇടപെട്ട് നാട്ടുകാരുടെ പരാതി പരിഹരിച്ച ശേഷം 15 ദിവസത്തിനകം നടപടി റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു.
ചെളിനിറഞ്ഞ് പായലും കുളവാഴയും പിടിച്ച് ഒഴുക്ക് നിലച്ച മഞ്ചക്കൽ തോട് വൃത്തിയാക്കാനാണ് ബാർജ് എത്തിയത്. ഒഴുക്ക് നിലച്ചതിനാൽ മഴക്കാലത്ത് വീടുകളിൽ വെള്ളം കയറുന്ന സാഹചര്യം നിലവിലുണ്ട്.
നഗരസഭയുടെ അഞ്ചു വാർഡുകളിലുടെ കടന്നു പോകുന്ന മഞ്ചക്കൽ തോടിന് ആഴം കൂട്ടാൻ 15 വർഷം മുമ്പ് നാട്ടുകാർ സമിതിയുണ്ടാക്കിയിരുന്നു. വിവിധ റസിഡൻസ് അസോസിയേഷനുകളുടെ ആവശ്യപ്രകാരമാണ് നഗരസഭ 2 കോടി ചെലവിട്ട് തോട് നവീകരിക്കാൻ തീരുമാനിച്ചത്.മേയ് 15 ന് തോടിന്റെ ആഴം കൂട്ടൽ നടപടികൾ തുടങ്ങിയെങ്കിലും പൂർത്തിയായില്ല. പേരിനു മാത്രം ജോലിയെടുത്ത് പണി അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.