KERALAlocaltop news

എന്നെ സല്യൂട്ടടിയ്ക്കു – തൃശൂർ മേയർ; സൗകര്യമില്ലെന്ന് കേരള പോലീസ്

* മേയർ ഡി ജി പി ക്ക് നൽകിയത്‌ " നിർദേശം "

കോഴിക്കോട്: പൊലീസുകാർ മേയർമാരെ സല്യൂട്ടടിക്കണമെന്നാവശ്യപ്പെട്ട തൃശ്ശൂർ മേയറുടെ നടപടി വിവാദത്തിൽ. പൊലീസുകാർ മേയർമാർക്ക് സല്യൂട്ടടിക്കണമെന്ന ആവശ്യം നടപ്പാക്കരുതെന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവർത്തകനായ അനന്തപുരി മണികണ്ഠനും പരാതി നൽകിയതോടെയാണ് സംഭവം വിവാദമായത്. പൊലീസുകാരെ കൊണ്ട് സല്യൂട്ടടിപ്പിക്കുന്ന ധിക്കാര സമീപനമാണ് മേയറുടെതെന്ന് മണികണ്ഠൻ മേയർ എം.കെ. വർഗീസിനെതിരെ നൽകിയ പരാതിയിൽ പറയുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് കാണിച്ച് മേയര്‍ ഡി.ജി.പി ക്കാണ് കത്ത് നൽകുകയത്. ഔദ്യോഗിക വാഹനത്തിൽ പോകുമ്പോൾ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നൽകുന്നില്ലെന്നാണ് പരാതി. സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്ന് അദ്ദേഹം ഡിജിപിയോട് നിർദ്ദേശിച്ചതും വിവാദമായി.
പല തവണ പറഞ്ഞിട്ടും പൊലീസ് മുഖം തിരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മേയറുടെ പരാതി ഡി.ജിപി തൃശൂര്‍ റേഞ്ച് ഡി.ഐജിക്ക് കൈമാറിയിട്ടുണ്ട്. അതേ സമയം ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് ഡിജീപിക്ക് നിർദ്ദേശം നൽകാനുള്ള അധികാരം ഒരു മേയർക്കുമില്ലെന്ന് പോലീസ് അസോസിയേഷനുകൾ ചൂണ്ടിക്കാട്ടുന്നു. അസോസിയേഷന്റെ വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിക്കുന്ന സന്ദേശം ഇപ്രകാരം- “പ്രോട്ടോകോൾ പ്രകാരം ഉയർന്ന സ്ഥാനത്തുള്ള ആളുകളെ എല്ലാ പോലീസുദ്യോഗസ്ഥരും ബഹുമാനിക്കുന്നുണ്ട്. ഇത്തരം ബഹുമാനം പോലീസുദ്യോഗസ്ഥർ മാത്രമല്ല എല്ലാ സർക്കാരുദ്യോഗസ്ഥരും നൽകേണ്ടതുമാണ്. മറ്റു ഉദ്യോഗസ്ഥർ നൽകുന്നത് പോലെയുള്ള ബഹുമാനവും ആദരവും അതേ രീതിയിൽ പോലീസുദ്യോഗസ്ഥരും നൽകേണ്ടതാണ്. അത് നൽകി വരുന്നുമുണ്ട്.

ഇനി പോലീസ് സേനാംഗങ്ങളിൽ നിന്ന് സല്യൂട്ട് ആണ് ആവശ്യപ്പെടുന്നതെങ്കിൽ അത് നൽകാൻ നിർവാഹമില്ല എന്ന് തന്നെ അറിയിക്കട്ടെ.
കേരള സംസ്ഥാനത്ത് ഓരോ പോലീസ് ഉദ്യോഗസ്ഥനും ആർക്ക് എപ്പോൾ എങ്ങനെ “സല്യൂട്ട് /അഭിവാദ്യം” നൽകണം എന്ന് കേരള സർക്കാർ അംഗീകരിച്ച റൂളുകൾ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ ഓരോ പോലീസ് ഉദ്യോഗസ്ഥരും, പ്രോട്ടോകോളിലെ സ്ഥാനം നോക്കിയല്ല, അതത് സംസ്ഥാന സർക്കാറുകൾ അംഗീകരിച്ച പോലീസ് സ്റ്റാന്റിങ്ങ് ഓർഡർ പ്രകാരമാണ് തങ്ങളുടെ എല്ലാ ഡ്യൂട്ടികളും ഡ്രില്ലുകളുമെന്ന പോലെ സല്യൂട്ട് അഭിവാദ്യവും ചെയ്തു വരുന്നത്. Kerala Police standing Order ൽ ഇപ്പോൾ സല്യൂട്ട് കിട്ടാത്തതിൽ വിഷമിച്ച സ്ഥാനക്കാർക്ക് സല്യൂട്ട് ചെയ്യാൻ വ്യവസ്ഥയില്ല എന്ന് മനസ്സിലാക്കണം.
ഇനി പ്രോട്ടോകോൾ നോക്കിയാണ് സല്യൂട്ട് ചെയ്യേണ്ടതെങ്കിൽ സംസ്ഥാന പോലീസ് മേധാവി വരെ പഞ്ചായത്ത് പ്രസിഡന്റിനെ സല്യൂട്ട് ചെയേണ്ടി വരും. ഗവർണറും മുഖ്യമന്ത്രിയും കഴിഞ്ഞാൽ ഞാനാണെന്ന് കരുതി പരിപാടിക്ക് വരുന്ന മറ്റു മന്ത്രിമാരും MLA MP മാരുമൊക്കെ എന്നെ കാണുമ്പോൾ ബഹുമാനം പ്രകടിപ്പിച്ച് എഴുനേറ്റ് നിൽക്കണം / കുമ്പിട്ട് വണങ്ങണം എന്നും പ്രോട്ടോകോൾ വച്ച് വാദിക്കാവുന്നതാണ്.
പോലീസിന്റെയും മറ്റു സേനാ വിഭാഗങ്ങളുടെയും സല്യൂട്ടിന് അർഹരായി നിശ്ചയിച്ചിരിക്കുന്നത് അവരുടെ മേൽ പൊതു സമാധാന/ക്രമസമാധാന പാലനത്തിലോ കേസന്വേഷണത്തിലോ ഒക്കെ മേൽനോട്ട ചുമതലകളുള്ള മജിസ്റ്റീരിയൽ/ ജുഡീഷ്യൽ/ എക്സിക്യൂട്ടീവ് അധികാരികളോ പ്രധിരോധ സേനകളിലെ ഉന്നത ഉദ്യോഗസ്ഥരോ ആണ് എന്ന് മനസ്സിലാക്കണം.
പോലീസ് സലൂട്ട് കിട്ടിയാലേ എന്റെ സ്ഥാനം ഉയർന്നതാണെന്ന് അംഗീകരിക്കപ്പെടുന്നുള്ളൂ എന്ന തെറ്റിദ്ധാരണ മാറ്റി ഉയർന്നു ചിന്തിച്ചാൽ വളരെ സിമ്പിളായി സ്വയം തീർക്കാവുന്ന പ്രശ്നത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി സ്വയം അപഹാസ്യരാവാതിരുന്നാൽ എല്ലാവർക്കും നന്നായിരിക്കും”.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close