KERALAlocaltop news

കോഴിക്കോട് ബസ് ടെര്‍മിനല്‍ കോംപ്ലക്സിന് പുതുജീവന്‍ ; കെ.എസ്.ആര്‍.ടി.സി സമുച്ചയം ആഗസ്റ്റ് 26ന് തുറക്കും

കോഴിക്കോട് : 

നിര്‍മ്മാണം പൂര്‍ത്തിയാക്കി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും വ്യാപാരാവശ്യങ്ങള്‍ക്ക് തുറന്നു കൊടുക്കാതിരുന്ന കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്സ് ആഗസ്റ്റ് 26ന് എം.ഒ.യു ഒപ്പുവച്ച് തുറന്നു കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് നടപടി.

നാലു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബസ് ടെര്‍മിനല്‍ കോംപ്ലക്സ് 3.22 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 74.63 കോടി ചിലവില്‍ നിര്‍മിച്ച കോംപ്ലക്സില്‍ 11 ലിഫ്റ്റുകളും 2 എസ്കലേറ്ററുകളുമാണുള്ളത്. നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും ലഭിക്കുന്നതു മൂലം കെ.റ്റി ഡി.എഫ്.സിക്ക് 30 വര്‍ഷം കൊണ്ട് ഏകദേശം 257 കോടിയോളം രൂപ വരുമാനം ലഭിക്കും.

പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവിന്റെയും പൊതുമരാമത്തു വകുപ്പുമന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തില്‍ നിരന്തരമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ച് ബസ് ടെര്‍മിനല്‍ കോംപ്ലക്സ് തുറക്കാനും ധാരണാ പത്രത്തില്‍ ഒപ്പു വയ്ക്കാനും തീരുമാനമായത്.
കോഴിക്കോടിന്റെ വ്യാപാര വാണിജ്യ മേഖലകള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന കെഎസ്ആര്‍ടിസി സമുച്ചയത്തോട് ചേര്‍ന്ന് 250 കാറുകള്‍ക്കും 600 ഇരു ചക്രവാഹനങ്ങള്‍ക്കും 40 ബസുകള്‍ക്കും പാര്‍ക്കിംഗ് സൗകര്യമുണ്ട്.ഏറെ വര്‍ഷങ്ങളായി പല കാരണങ്ങളാല്‍ തുറന്നു കൊടുക്കാന്‍ കഴിയാതിരുന്ന കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്സ് ആഗസ്റ്റ് 26ന് ഗതാഗത മന്ത്രി ആന്റണി രാജു തുറന്നു കൊടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close