Politics
മഹാവൈദ്യന് ഡോ പി കെ വാരിയര്‍ ഓര്‍മയായി
കോട്ടയ്ക്കല്‍ : ആയുര്‍വേദത്തിലെ മഹാവൈദ്യന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി കെ വാരിയര്‍ (100) അന്തരിച്ചു. ശനിയാഴ്ച ഉച്ചക്ക് സ്വവസതിയില്‍ വെച്ചാണ് അന്ത്യം.
1999 ല്‍ പത്മശ്രീയും 2011 ല്‍ പത്മഭൂഷണും നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ 1921 ജൂണ്‍ അഞ്ചിന് ശ്രീധരന് നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായിട്ടായിരുന്നു ജനനം. കോട്ടക്കല്‍ രാജാസ് ഹൈസ്കൂളില്‍ ആയിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. വൈദ്യരത്നം പി എസ് വാരിയര്‍ ആയുര്‍വേദ കോളജിലായിരുന്നു വൈദ്യപഠനം.
കാലിക്കറ്റ് സര്‍വകലാശാല 1999 ല്‍ ബഹുമാന സൂചകമായി ഡി ലിറ്റ് നല്കി ആദരിച്ചിരുന്നു. മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന പി സി അലക്സാണ്ടറില്‍ നിന്നും മുപ്പതാമത് ധന്വന്തരി അവാര്‍ഡ് 2001 ല്‍ ലഭിച്ചു. 1997 ല്‍ ആള് ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറസ് ആയുര്‍വേദ മഹര്‍ഷി എന്ന സ്ഥാനം നല്കി ആദരിച്ചു. വിജയവാഡയിലെ അക്കാദമി ഓഫ് ആയുര്‍വേദ മില്ലേനിയം ഗോള്‍ മെഡല്‍ നല്കി ആദരിച്ചു. 2001 ല്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെ അക്കാദമിയുടെ ആദി സമ്മാന്‍ പുരസ്കാരവും 2004 ല്‍ സി അച്യുതമേനോന് അവാര്‍ഡും ലഭിച്ചു. ആത്മകഥയായ സ്മൃതിപര്‍വ്വം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.