കോഴിക്കോട്: ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണ് സർക്കാറിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണെന്ന്
ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. ഭിന്നശേഷി സഹായ ഉപകരണങ്ങളുടേയും ക്ഷേമപദ്ധതി ആനുകൂല്യങ്ങളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ശാരീരികമായ പരിമിതികളെ മറികടന്ന് മാനസികമായ വെല്ലുവിളികളെ നീക്കി നിർഭയം, നിസ്സങ്കോചം സമൂഹത്തിലേക്ക് കടന്നു ചെല്ലാനുള്ള അന്തരീക്ഷം ഭിന്നശേഷിക്കാരിൽ ഉണ്ടാക്കിയെടുക്കണമെന്ന് മന്ത്രി പറഞ്ഞു. തടസരഹിതമായ ജീവിതം ഇവർക്ക് ഉറപ്പാക്കുക എന്നത് സർക്കാരിന്റെ പരമപ്രധാനമായ ഉത്തരവാദിത്വമാണ്. നിലവിൽ സംസ്ഥാനത്ത് നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും ഉയരങ്ങൾ കീഴടക്കാൻ ഇവരെ പ്രാപ്തരാക്കുന്നതിനായി സർക്കാറിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായങ്ങളും ആനുകൂല്യങ്ങളും തുടർന്നും ലഭ്യമാക്കും. സ്കൂളുകളും കോളേജുകയും ഭിന്നശേഷി സൗഹൃദപരമാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
കേള്‍വി പരിമിതര്‍ക്ക് ഡിജിറ്റല്‍ ശ്രവണസഹായികള്‍ നല്കുന്ന ശ്രവണ്‍ പദ്ധതിയിലൂടെ 12 പേർക്ക് ഉദ്ഘാടന ദിവസം മന്ത്രി ശ്രവണ സഹായി നൽകി. അളവ് എടുത്തിട്ടുള്ള 57 പേരുടെ ശ്രവണസഹായി അടുത്ത ദിവസങ്ങളിൽ നൽകും. കാഴ്ച പരിമിതിയുള്ള ഒമ്പത് പേർക്ക് സ്മാര്‍ട്ട് ഫോൺ നൽകി.12 വയസിന് താഴെ പ്രായവും ഗുരുതര ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് 18 വയസുവരെ 20,000 രൂപ വീതം നിക്ഷേപിക്കുന്ന ഹസ്തദാനം പദ്ധതിയിലെ രണ്ട് ഗുണഭോക്താക്കള്‍ക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബാക്കി ഗുണഭോക്താക്കൾക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വരും ദിവസങ്ങളിൽ വിതരണം ചെയ്യും. ഭിന്നശേഷിക്കാരുടെ ചലനസ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്രവും ഉറപ്പ് വരുത്തുന്നതിനുള്ള സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന ശുഭയാത്ര പദ്ധതിയിലൂടെ ഇലക്ടോണിക് വീൽ ചെയർ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചു നൽകും.
തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷ വഹിച്ചു. മേയർ ഡോ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
കലക്ടർ നരസിംഗുഗാരി തേജ് ലോഹിത് റെഢി മുഖ്യ പ്രഭാഷണം നടത്തി.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ കൗൺസിലർ എം എൻ പ്രവീൺ, സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ഡയറക്ടർ ഡോ റോഷൻ ബിജിലി, വികലാംഗ ക്ഷേമ കോർപറേഷൻ മാനേജിംഗ് ഡയറക്ടർ കെ മൊയ്തീൻ കുട്ടി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷറഫ് കാവിൽ, സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ മുൻ ഡയറക്ടർ ഗിരീഷ് കീർത്തി തുടങ്ങിയവർ പങ്കെടുത്തു.