KERALA
സ്കോളര്‍ഷിപ്പ് വിഷയം: സാമുദായികവല്‍ക്കരിക്കരുത്, വൈകാരിക വാദങ്ങളുയര്ത്തരുത്: ഐ എന്‍ എല്‍
കോഴിക്കോട്: പാലോളി കമ്മിറ്റി നിര്‍ദേശിച്ച ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമാക്കണമെന്ന കോടതി നിര്‍ദേശം മാനിച്ച് കൂടുതല്‍ തുക വകയിരുത്തി ആര്‍ക്കും നഷ്ടമുണ്ടാക്കാത്ത വിധം പുന:ക്രമീകരിച്ച സര്‍ക്കാര്‍ നടപടിയെ സാമുദായിക വിവേചനമായി ചിത്രീകരിക്കുവാനാണ് ശ്രമം. ഇത്തരത്തില്‍ സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നത് അപകടകരവും അപലപനീയവുമാണ്- ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് പറഞ്ഞു.
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ കണക്കിലെടുത്ത് പാലോളി കമ്മിറ്റിയെ നിയോഗിച്ചതും നിര്‍ദേശങ്ങള്‍ ത്വരിതഗതിയില്‍ നടപ്പിലാക്കിയതും ഇടതുപക്ഷ സര്‍ക്കാരാണ്. പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാല്‍ ഉള്‍ക്കൊള്ളാനും തിരുത്താനും സര്‍ക്കാര്‍ സന്നദ്ധമാണെന്നിരിക്കെ വൈകാരിക വാദങ്ങളുയര്‍ത്തി രംഗം കൊഴുപ്പിക്കാനാണ് ആസൂത്രിത ശ്രമം നടക്കുന്നതെന്നും വഹാബ് പറഞ്ഞു.