കോഴിക്കോട്: കോവിഡ് മഹാമാരിയിൽ തങ്ങളുടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിപ്പോരേണ്ടി വന്ന പ്രവാസികകൾക്ക് ജോലി ചെയ്തിരുന്ന രാജ്യങ്ങളിലേക്ക് തിരികെപ്പോയി ജോലി ചെയ്യുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കി വിമാനയാത്രാ സൗകര്യം ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ അടിയന്തിരമായി തയ്യാറാവണമെന്ന് ലോക കേരള സഭാംഗവും കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻറുമായ പി.കെ.കബീർ സലാല ആവശ്യപ്പെട്ടു.പ്രവാസികളോടുള്ള സമീപനത്തിൽ ഇരുട്ടിൽ തപ്പുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ചു കൊണ്ട് കേരള പ്രവാസി സംഘം പയ്യോളി പോസ്റ്റോഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ മലയാളികൾ ജോലി ചെയ്യുന്ന സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലേക്ക് നേരിട്ട് യാത്രാ സൗകര്യം ഇല്ലാതായിട്ട് ഒന്നര വർഷമായി.ആ യതിനാൽ യഥാർത്ഥ നിരക്കിൻ്റെ പത്തും പതിനഞ്ചും ഇരട്ടി യാത്രാക്കൂലി നൽകിയാണ് പ്രവാസികൾ സൗദിയിലേക്ക് തിരിച്ചു പോവുന്നത്. ട്രാവൽ ഏജൻസികളുടെ ഈ ചൂഷണം ഇല്ലാതാവണമെങ്കിൽ നേരിട്ട് യാത്രാ സൗകര്യം ഉണ്ടാവണം. യാത്രാവിലക്ക് നീളുന്നതിനു സരിച്ച് നിരവധി പേരുടെ തൊഴിൽ നഷ്ടപ്പെടുകയും വീസ കാലാവധി അവസാനിക്കുകയും ചെയ്യും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന അലംഭാവം ഒരിക്കലും നീതികരിക്കാൻ കഴിയുന്നതല്ല.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഒരേ വാക്സിനുകൾ പല രാജ്യങ്ങളിലും പല പേരുകളിൽ അറിയപ്പെടുന്നതു നിമിത്തം രണ്ടാം ഡോസെടുക്കുന്നതിനും സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും തടസ്സങ്ങൾ ഉണ്ടാവുന്നു .ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയങ്ങളുമായി ചർച്ച് ചെയ്ത് എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരം ഉണ്ടാവണം.
വിദേശ രാജ്യങ്ങളിൽ വച്ച് കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് മതിയായ ധനസഹായം നൽകാൻ കേന്ദ്ര സർക്കാർ ഇനിയും വൈകികൂടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കേരള പ്രവാസി സംഘം പയ്യോളി ഏരിയ സെക്രട്ടറി വി.വി.സുരേഷ് ആധ്യക്ഷം വഹിച്ചു. കെ.കെ.ദേവൻ, എൻ.ടി.രാജൻ, രാമചന്ദ്രൻ ആവിക്കൽ ബിജു കളത്തിൽ, വി.പി.രാമചന്ദ്രൻ ,എൻ.എം. ടി. അബ്ദുള്ളക്കുട്ടി, പി.ടി.നാരായണൻഎന്നിവർ സംസാരിച്ചു.
പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ധർണ്ണ നടത്തിയത്.