കോഴിക്കോട്: ടൂറിസം സാധ്യതകൾ വിലയിരുത്തുന്നതിനായി
പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്
ഫറോക്കിലെ കോമൺവെൽത്ത് ടൈൽ കമ്പനിയും സമീപ കെട്ടിടങ്ങളും സന്ദർശിച്ചു. വർഷങ്ങളുടെ പഴക്കവും സംസ്ക്കാരവും പ്രൗഢിയുമുള്ള കമ്പനിയുടെയും അനുബന്ധ കേന്ദ്രങ്ങളുടെയും വിനോദസഞ്ചാര സാധ്യതകൾ പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സന്ദർശിക്കുകയായിരുന്നു മന്ത്രി.
ബേപ്പൂർ ടൂറിസം പദ്ധതിയുടെ ഭാഗമായി കോമൺവെൽത്ത് ടൈൽ കമ്പനിയും പരിസരവും ടൂറിസം കേന്ദ്രമാക്കുന്നത് പരിഗണിക്കും. ടൂറിസത്തിൻ്റെ അനന്ത സാധ്യതകളുള്ള കമ്പനിയുടെ പുഴയോരവും ഓട് വ്യവസായവും സംരക്ഷിച്ചു കൊണ്ട് ടൂറിസം പദ്ധതി നടപ്പാക്കുന്നത് ആലോചിക്കും. സഞ്ചാരികളെ ആകർഷിക്കും വിധമുള്ള നിർമ്മിതികളും കെട്ടിടങ്ങളുമുള്ള പ്രദേശമാണ് ഇവിടം. കമ്പനിയുടെ ഭാഗമായ ബംഗ്ലാവുകൾ പുനർ നവീകരിക്കുന്നതും ക്വാട്ടേജുകൾ, ഓപ്പൺ സ്റ്റേജുകൾ എന്നിവ സ്ഥാപിക്കുന്നതും പരിഗണിക്കും. സഞ്ചാരികൾക്ക് വരാനും താമസിക്കാനും കമ്പനിയിൽ നിന്ന് സാധനങ്ങൾ വാങ്ങാനുമുള്ള സൗകര്യത്തോടെയായിരിക്കും പദ്ധതി ആവിഷ്കരിക്കുക. സന്ദർശനവേളയിൽ തൊഴിലാളികളുമായും മന്ത്രി സംവദിച്ചു. ആർക്കിടെക്ട് വിനോദ് സിറിയക്, കോമൺവെൽത്ത് ടൈൽ കമ്പനി മാനേജർ പി.കെ ശ്രീകുമാർ എന്നിവർ സന്നിഹിതരായി.