KERALAlocaltop news

കർഷകനെ മർദ്ദിച്ച റേഞ്ചറെ ജയിലിലെത്തിച്ച അഭിഭാഷകനെ കർഷക പ്രതിനിധികൾ ആദരിച്ചു.*

 

കോഴിക്കോട്: തിരുവമ്പാടി: ഫോറസ്റ്റ് കേസിൽ റിമാൻഡ് ചെയ്യപ്പെട്ട കർഷകനെ അന്യായമായി കസ്റ്റഡിയിൽ വച്ച് മർദ്ദിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ കേസ് നടത്തുകയും റേഞ്ചർക്ക് ശിക്ഷ വാങ്ങി കൊടുക്കുകയും ചെയ്ത അഡ്വക്കേറ്റുമാരിൽ തിരുവമ്പാടി സ്വദേശിയായ അഡ്വ. റോബിൻസ് തോമസ് തടത്തിലിനെ കർഷകജനശബ്ദത്തിന്റെയും കിഫ-കർഷക ശബ്ദത്തിന്റെയും നേതൃത്വത്തിൽ ആദരിച്ചു.

താമരശ്ശേരി മൈലള്ളാംപാറ സ്വദേശി വർഗ്ഗീസ് സാശ്ശേരിയിൽ എന്ന അറുപത്തിയഞ്ച് വയസ്സുള്ള കർഷകനെ വന്യമൃഗ വേട്ട നടത്തിയെന്ന് ആരോപിച്ചു ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കോടതിയിൽ സ്വയമേവ ഹാജരാവുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. അവിടെ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ ജയിലിലേക്ക് കൊണ്ട് പോവുന്നതിന് പകരം താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ കൊണ്ടുപോയി അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ഇതിനെതിരെ വർഗ്ഗീസിന്റെ മകൻ സജോ സ്വകാര്യ അന്യായം അഡ്വ. എം. അശോകൻ, അഡ്വ. റോബിൻസ് എന്നിവർ വഴി താമരശ്ശേരി കോടതിയിൽ ഫയൽ ചെയ്യുകയും കോടതി ഒന്നാം പ്രതി താമരശ്ശേരി റേഞ്ച് ഓഫീസർ രാജീവിനെ മൂന്ന് മാസം തടവിന് ശിക്ഷിക്കുകയും ചെയ്തു.

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങളിൽ നട്ടം തിരിയുന്ന കർഷകർക്ക് വളരെയേറെ ആത്മവിശ്വാസം പകരുന്നതാണ് ഈ വിധി എന്ന് കർഷക ജനശബ്ദം കൺവീനർ ജോൺസൺ കുളത്തുങ്കൽ അഭിപ്രായപ്പെട്ടു. ജോജോ കാഞ്ഞിരക്കാടൻ, ബിനു ജോസ്, അജു എമ്മാനുവൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കർഷകരുടെ പോരാട്ടവീര്യം ശക്തിപ്പെടുന്നതിന്റെ പ്രതീകമായാണ് ഈ വിധി നേടിയെടുത്ത അഡ്വ. റോബിൻസനെ ആദരിക്കുന്നത് എന്ന് ചടങ്ങിൽ ജോജോ കാഞ്ഞിരക്കാടൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close